Quantcast

ബി.ജെ.പിയുടെ രാഷ്ട്രീയമാണിത്; ഗവർണർ ആര്, രാജാവോ?-തോമസ് ഐസക്

''ഒരു സീറ്റ് നേടാൻ കഴിയാത്ത ബി.ജെ.പി ഗവർണറെ വച്ച് കളിച്ചാൽ അതൊന്നും കേരളം അംഗീകരിക്കാൻ പോകുന്നില്ല. കേരളത്തിലെ ഏതെങ്കിലും വൈസ് ചാൻസലറായി സംഘിയെ വെക്കാൻ അദ്ദേഹത്തിനു മോഹമുണ്ടാകും. അതൊന്നും നടക്കില്ല.''

MediaOne Logo

Web Desk

  • Updated:

    2022-09-20 06:52:10.0

Published:

20 Sep 2022 4:19 AM GMT

ബി.ജെ.പിയുടെ രാഷ്ട്രീയമാണിത്; ഗവർണർ ആര്, രാജാവോ?-തോമസ് ഐസക്
X

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് രൂക്ഷമാകുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തി ഗവർണറുടെ നടപടിയെ വിലയിരുത്താൻ പറ്റില്ലെന്ന് ഐസക് മീഡിയവണിനോട് പറഞ്ഞു. ഗവർണറുടെ ഔദാര്യത്തിലല്ല പിണറായി സർക്കാർ അധികാരത്തിൽ വന്നതെന്നും കേരളത്തിലെ ജനങ്ങൾ കൂടെയുണ്ടെങ്കിൽ സർക്കാരിനു ഭയക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളാണിത്. ആരോപണങ്ങൾ പറഞ്ഞിട്ട് തെളിയിക്കുന്നില്ല. ഇർഫാൻ ഹബീബ് അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുവെന്നു പറഞ്ഞ് എന്തെങ്കിലും തെളിയിക്കാനായോ? 92 വയസായിട്ടുള്ള ഒരു പണ്ഡിതനെതിരെ കേസെടുക്കണമെന്ന് പറയണമെങ്കിൽ അസാമാന്യമായ എന്തോ ഈഗോ പ്രശ്‌നമുണ്ടാകണം. രാഗേഷ് പൊലീസുകാരെ തടഞ്ഞു എന്നു പറഞ്ഞു കാണിച്ച ചിത്രത്തിൽ അദ്ദേഹം ബഹളംവയ്ക്കുന്നവരെ തടയുന്നതാണ് കാണുന്നത്.''-ഐസക് ചൂണ്ടിക്കാട്ടി.

പറയുന്നതിന് അടിസ്ഥാനം വേണം. ആ സ്ഥാനത്തിരിക്കുന്ന ആൾക്ക് ഏതറ്റംവരെ അധഃപതിക്കാനാകുമെന്നാണ് അദ്ദേഹം കാണിക്കുന്നത്. ബിൽ കൈയിൽ വരട്ടെ കാണിച്ചുതരാമെന്നൊക്കെ പറയുന്നു. അദ്ദേഹമെന്താ, കേരളത്തിലെ രാജാവോ? ഇവിടെ ഒരു സർക്കാരും നിയമസഭയുമുണ്ട്. നിയമസഭ ഒരു നിയമം പാസാക്കിയാൽ അദ്ദേഹത്തിന് പോക്കറ്റിലിട്ട് വീട്ടിൽ പോകാൻ പറ്റില്ല. ഒന്നുകിൽ രാഷ്ട്രപതിക്ക് അയയ്ക്കാം. അല്ലെങ്കിൽ, നിയമസഭയ്ക്ക് കമന്റോടുകൂടി തിരിച്ചയയ്ക്കാം-അദ്ദേഹം പറഞ്ഞു.

ഇത് ബി.ജെ.പിയുടെ രാഷ്ട്രീയമാണെന്നും ഐസക് കുറ്റപ്പെടുത്തി. എതിരാളികൾ ഭരിക്കുന്ന സംസ്ഥാനത്തെ എം.എൽ.എമാരെ കാഷ് കൊടുത്തുവാങ്ങി അട്ടിമറിക്കുക. അതു പറ്റാത്തിടത്ത് ഗവർണറെ ഉപയോഗിക്കുക. കാഷ് കൊടുത്തുവാങ്ങാനും ഗവർണറെ ഉപയോഗിക്കുക. ചത്തീസ്ഗഢിൽ, ജാർഖണ്ഡിൽ, തമിഴ്‌നാട്ടിൽ, പുതുച്ചേരിയിൽ, ബംഗാളിൽ, ഇപ്പോൾ കേരളത്തിലും. ഇന്ത്യയിലെ ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തി ഇദ്ദേഹത്തിന്റെ കോപ്രായങ്ങളെ വിലയിരുത്താൻ പറ്റില്ല. സി.പി.എമ്മും സി.പി.ഐയും അദ്ദേഹത്തോടല്ല, കേരളത്തിലെ ജനങ്ങളോടാണ് സംസാരിക്കുന്നതെന്നും ഐസക് പറഞ്ഞു.

ഗവർണറുടെ ഔദാര്യത്തിലല്ല കേരളത്തിൽ അധികാരത്തിൽ വന്നത്. കേരളത്തിലെ ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ സർക്കാർ എന്തിനു ഭയക്കണം? ഒരു സീറ്റ് നേടാൻ കഴിയാത്ത ബി.ജെ.പി ഇദ്ദേഹത്തെ വച്ച് കളിച്ചാൽ അതൊന്നും കേരളം അംഗീകരിക്കാൻ പോകുന്നില്ല. കേരളത്തിലെ ഏതെങ്കിലും വൈസ് ചാൻസലറായി സംഘിയെ വെക്കാൻ അദ്ദേഹത്തിനു മോഹമുണ്ടാകും. അതൊന്നും നടക്കില്ല.

Summary: ''What Governor is doing is part of the politics of BJP'', Alleges Former Finance Minister Thomas Isaac

TAGS :

Next Story