ലോക്സഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയിൽ കളം പിടിക്കാനൊരുങ്ങി തോമസ് ഐസക്
സ്ഥാനാർഥി പരിവേഷത്തിൽ യുവാക്കളെ ലക്ഷ്യമാക്കിയുള്ള തൊഴിൽമേളയും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ സജീവമാവുകയാണ്
തോമസ് ഐസക്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കളം പിടിക്കാൻ ഒരുങ്ങി മുൻ മന്ത്രി തോമസ് ഐസക് . സ്ഥാനാർഥി പരിവേഷത്തിൽ യുവാക്കളെ ലക്ഷ്യമാക്കിയുള്ള തൊഴിൽമേളയും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ സജീവമാവുകയാണ്.
പാർട്ടി നിർദേശിച്ചാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ട മണ്ഡലം അനായാസത്തിൽ കൈപ്പിടിയിൽ ഒതുക്കാം എന്ന പ്രതീക്ഷയിലാണ് ഇത്തവണ എൽ.ഡി.എഫ് . ജില്ലയിൽ ഉയർന്നു കേൾക്കുന്ന പേര് തോമസ് ഐസക്കിന്‍റെയും. തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവ് എന്ന പ്രവാസി സംഗമത്തിലൂടെ ജില്ലയിലേക്ക് പ്രവേശനം . പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലൂടെയും തൊഴിൽ മേളകളിലൂടെയും മറ്റു മണ്ഡലങ്ങളിൽ കൂടി ചുവട് വയ്ക്കാനാണ് ഐസക്കിൻ്റെ നീക്കം. സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന 48,000 പേർക്ക് ജോലി നൽകുമെന്നാണ് പ്രഖ്യാപനം. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മറ്റ് പദ്ധതികളും.
സമീപകാലങ്ങളിൽ തോമസ് ഐസക് ജില്ലയിൽ സജീവമാണ്. ചെറുതും വലുതുമായ എല്ലാ പരിപാടികളിലും ഐസക്കിന്‍റെ സാന്നിധ്യമുണ്ട് ഒപ്പം ജില്ലയിലെ മുതിർന്ന സി.പി.എം നേതാക്കളും. മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളും സി.പിഎമ്മിന് ഒപ്പം എന്നുള്ളത് വിജയപ്രതീക്ഷ നൽകുന്നു. ആൻ്റോ ആന്‍റണി തന്നെയാവും ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥി. എൻ.ഡി.എ സ്ഥാനാർഥി പി.സി ജോർജ് ആവാൻ ആണ് സാധ്യത.
Adjust Story Font
16