എഡിജിപി എന്നല്ല മാനവും മര്യാദയുമുള്ള ഒരാളും ആർഎസ്എസുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാട്: തോമസ് ഐസക്
രാജ്യത്ത് സിപിഎമ്മിന്റെ ഒന്നാം നമ്പർ ശത്രു ആർഎസ്എസ് ആണെന്നും തോമസ് ഐസക് പറഞ്ഞു.
പത്തനംതിട്ട: എഡിജിപി എന്നല്ല കേരളത്തിലെ മാനവും മര്യാദയുമുള്ള ഒരാളും ആർഎസ്എസുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാടെന്ന് മുൻ മന്ത്രി തോമസ് ഐസക്. എന്നാൽ വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നത് പാർട്ടിക്ക് നിയന്ത്രിക്കാനാവില്ല. അൻവറിന്റെ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ല. എങ്കിൽ ഈ വിഷയത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ചിലർക്ക് താത്പര്യമുണ്ടെന്നും ഐസക് പറഞ്ഞു.
നിയമവിരുദ്ധമായിട്ടോ ചട്ടവിരുദ്ധമായിട്ടോ എന്തെങ്കിലും ഉണ്ടെങ്കിൽ സർക്കാരിന്റെ അന്വേഷണത്തിൽ പുറത്തുവരട്ടെ. അപ്പോൾ പാർട്ടി നിലപാട് പറയും. ഇതുപയോഗിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ചിലർക്കൊക്കെ താത്പര്യമുണ്ടാകും. അതിനൊന്നും വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.വി അൻവർ പാർട്ടി മെമ്പറല്ല. അതുകൊണ്ട് പാർട്ടി അംഗത്തിന്റെ അച്ചടക്കം അദ്ദേഹത്തിന് ബാധകമല്ല. അതേസമയം പാർലമെന്ററി രംഗത്ത് പാർട്ടിക്കൊപ്പമുള്ള അദ്ദേഹം വിഷയം ഉന്നയിച്ച രീതി ശരിയല്ല. രാജ്യത്ത് സിപിഎമ്മിന്റെ ഒന്നാം നമ്പർ ശത്രു ആർഎസ്എസ് ആണെന്നും തോമസ് ഐസക് പറഞ്ഞു.
Adjust Story Font
16