Quantcast

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് എം.വി ജയരാജൻ

പാർട്ടി അപ്പീൽ നൽകും

MediaOne Logo

Web Desk

  • Published:

    22 March 2025 12:14 PM

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് എം.വി ജയരാജൻ
X

കണ്ണൂര്‍: മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പാർട്ടി അപ്പീൽ നൽകും. ടി.പി കേസിലെ കുറ്റവാളിയായ ടി.കെ രജീഷിനെ പിന്നീട് പ്രതി ചേർത്തതാണെന്നും, പ്രതികൾ അപരാധം ചെയ്തു എന്നതിൽ വസ്തുതയില്ലെന്നും ജയരാജൻ പറഞ്ഞു.

മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ ഒൻപത് വരെ പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പത്താം പ്രതിയെ വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരജ് നാരായണൻ, ടി പി കേസ് പ്രതി ടി.കെ രജീഷ് അടക്കമുള്ളവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. തലശേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ശിക്ഷ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ആഗസ്റ്റ് 7 ന് മുഴപ്പിലങ്ങാട് ടെലഫോൺ എക്സ്ചേഞ്ചിന് മുൻപിൽ നിൽക്കുകയായിരുന്നു സൂരജിനെ ഓട്ടോറിക്ഷയിൽ എത്തിയ സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. രണ്ടു പതിറ്റാണ്ട് പൂർത്തിയാവാൻ മാസങ്ങൾ മാത്രം ശേഷിക്കവെയാണ് കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്.

ആകെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ ഒന്ന്, 12 പ്രതികൾ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു. രണ്ട് മുതൽ ആറു വരെ പ്രതികളായ ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ.ഷംഞ്ജിത്ത്, പി.എം മനോരാജ്, എൻ. സജീവൻ എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. ഏഴു മുതൽ 9 വരെ പ്രതികളായ വി.പ്രഭാകരൻ, കെ.വി പത്മനാഭൻ, എം. രാധാകൃഷ്ണൻ എന്നിവർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞു. പതിനൊന്നാം പ്രദീപ് പുതിയപുരിയിൽ പ്രദീപനെതിരെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന കുറ്റമാണ് കണ്ടെത്തിയത്. പത്താം പ്രതി നാഗത്താൻ കോട്ട പ്രകാശനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പിടിയിലായ ടി.കെ രജീഷ് നൽകിയ കുറ്റസമ്മത മൊഴി പ്രകാരം രജീഷിനെയും പി.എം മനോരാജിനെയും കേസിൽ ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകി. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകളും ഹാജരാക്കി.

TAGS :

Next Story