ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്ക് കർത്താവ് മറുപടി തരും; ഒളിവില്‍ കഴിയുന്നതിനിടെ സാക്ഷിക്ക് എല്‍ദോസ് കുന്നപ്പിള്ളിലിന്‍റെ ഭീഷണി സന്ദേശം
പരാതിക്കാരിയുടെ സുഹൃത്തായ കേസിലെ പ്രധാന സാക്ഷിക്കാണ് എം.എൽ.എ ഭീഷണി സന്ദേശമയച്ചത്
തിരുവനന്തപുരം: ബലാത്സംഗ കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി എൽദോസ് കുന്നപ്പിള്ളിൽ എം.എല്‍.എ. കേസ് താൻ അതിജീവിക്കുമെന്നും. നിങ്ങൾ അനുഭവിക്കുമെന്നാണ് വാട്സാപ്പ് സന്ദേശം. പരാതിക്കാരിയുടെ സുഹൃത്തായ കേസിലെ പ്രധാന സാക്ഷിക്കാണ് എം.എൽ.എ ഭീഷണി സന്ദേശമയച്ചത്.
''ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്‍റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്‍റെ കൂടെയുണ്ടാകും'' എന്നാണ് ഭീഷണി. ഇന്നലെ പുലര്‍ച്ചെ 2.10നാണ് സന്ദേശം ലഭിച്ചത്. സാക്ഷിയെ ഭീഷണിപ്പെടുത്തത് മുന്‍കൂര്‍ ജാമ്യത്തിന് തിരിച്ചടിയാകും. അതേസമയം കേസിലെ പരാതിക്കാരി കോവളം മുന്‍ എസ്.എച്ച്.ഒയ്ക്കെതിരെ ജില്ലാം ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. എസ്.എച്ച്.ഒ പ്രൈജു കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിജിലന്‍സിനും പരാതി നല്‍കുമെന്ന് പരാതിക്കാരി പറഞ്ഞു.
ചൊവ്വാഴ്ച മുതൽ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.നിലവിൽ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്.ഫേസ്ബുക്കിൽ പോസ്റ്റിട്ടതല്ലാതെ മറ്റു വിവരങ്ങളില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റിനുള്ള മുന്നൊരുക്കം ആരംഭിച്ചത്. ജനപ്രതിനിധിയായതിനാൽ തുടർ നടപടി അറിയിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ അറസ്റ്റിന് അനുമതി വേണ്ടെന്നായിരുന്നു സ്പീക്കർ എ.എൻ ഷംസീറിന്‍റെ പ്രതികരണം.
മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കുകയാണ് ആദ്യ നടപടി.എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളിൽ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും.എം.എൽ.എ ആയതിനാൽ അധികനാൾ ഒളിവിൽ കഴിയില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. അതിനാൽ നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാവും കടുത്ത നടപടിയിലേക്ക് കടക്കുക. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി. കോടതിയിൽ അപേക്ഷ നൽകി.
Adjust Story Font
16