മാന്നാർ കൊലക്കേസ്: പ്രതികൾ റിമാൻഡിൽ; നാല് പേർക്കും കൊലയിൽ പങ്കെന്ന് പൊലീസ് റിപ്പോർട്ട്
മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. കൊല നടത്തിയ സ്ഥലം കാണിച്ചുതരാമെന്ന് രണ്ടാം പ്രതി പൊലീസിനോട് പറഞ്ഞു.
ആലപ്പുഴ: മാന്നാർ കല കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളും റിമാൻഡിൽ. ഇവരെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
മുഖ്യപ്രതിയായ കലയുടെ ഭർത്താവ് അനിൽകുമാറിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. കേസിലെ രണ്ട് മുതൽ നാല് വരെ പ്രതികളായ മൂവരുടെയും അറസ്റ്റ് ഇന്ന് ഉച്ചകഴിഞ്ഞാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചു. കൊല നടത്തിയ സ്ഥലം കാണിച്ചുതരാമെന്ന് രണ്ടാം പ്രതി പൊലീസിനോട് പറഞ്ഞു. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്തു വച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മുഖ്യസാക്ഷിയായ സുരേഷ്കുമാറാണ് പരാതിക്കാരനെന്നും ഇയാളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇന്നലെ അനിൽകുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം കലയുടേതാണോ എന്ന കാര്യത്തിൽ വ്യക്തത വരൂ. കേസിൽ കലയുടെ ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കൊലപാതകം, തെളിവു നശിപ്പിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊല നടത്തിയത്. പ്രതികൾ മൃതദേഹം മറവ് ചെയ്ത് തെളിവുകൾ നശിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
2008ലാണ് കലയെ കാണാതായത്. എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാനാവൂ എന്ന് പൊലീസ് പറയുന്നു. കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.
കൊന്നു കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാവേലിക്കര മാന്നാറിലെ ഇലമന്നൂരിലെ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിലാണ് കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ ലഭിച്ചത്. മൃതദേഹം കുഴിച്ചിട്ടപ്പോൾ രാസവസ്‌തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്.
Adjust Story Font
16