ഇടുക്കിയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു.
ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടി പുഴയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അങ്കമാലി ജ്യോതി സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയോടെയാണ് അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന മുപ്പതംഗസംഘം മൂന്ന് ജീപ്പുകളിലായി മാങ്കുളം സന്ദർശിക്കാനെത്തിയത്. വലിയപാറക്കുട്ടി ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയിൽ ഇറങ്ങിയ അഞ്ച് കുട്ടികളിൽ മൂന്ന് പേർ കയത്തിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതോടെ നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മൂന്നുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും താലൂക്ക് ആശുപത്രിയിലേക്ക് ഏറെ ദൂരമുള്ളതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. ഒരുമാസത്തിനിടെ അഞ്ച് പേരാണ് ഈ ഭാഗങ്ങളില്‍ മുങ്ങി മരിച്ചത്. അപകടം തുടർക്കഥയാകുമ്പോഴും അധികൃതർ മതിയായ മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്
Adjust Story Font
16