മൂന്ന് മാസത്തെ കാത്തുകിടപ്പിന് അന്ത്യം; കൂറ്റന്‍ യന്ത്രങ്ങളുമായി ട്രെയിലറുകൾ താമരശേരി ചുരം കയറിത്തുടങ്ങി
ഫയർഫോഴ്സ്, ഫോറസ്റ്റ് അധികൃതർ, കെഎസ്ഇബി അധികൃതർ തുടങ്ങിയവ ട്രെയിലറുകൾ കയറാൻ ആവശ്യമായ സഹായം ഒരുക്കുന്നുണ്ട്.
താമരശേരി: കൂറ്റന്‍ യന്ത്രങ്ങളുമായി മൂന്ന് മാസത്തിലേറെയായി കോഴിക്കോട് അടിവാരത്ത് തടഞ്ഞിട്ടിരുന്ന ട്രെയിലറുകൾ താമരശേരി ചുരം കയറിത്തുടങ്ങി. രാത്രി 11ഓടെയാണ് ട്രെയിലറുകൾ നീങ്ങിത്തുടങ്ങിയത്. ട്രെയ്ലറുകൾ പോവുന്നതിന്റെ ഭാഗമായി രാത്രി അടിവാരം മുതൽ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
20-25 കി.മീ വേഗതയിലാണ് ട്രെയിലറുകൾ സഞ്ചരിക്കുന്നത്. വളവുകളിൽ അടിഭാഗം തട്ടിയാൽ ഉയർത്താനായി ക്രെയിനുകളും ഒപ്പമുണ്ട്. ട്രെയിലറുകളിൽ 16.6 മീ നീളമുള്ളതാണ് മുന്നിൽ പോവുന്നത്. 17 മീറ്റർ നീളമുള്ളത് പിന്നാലെ സഞ്ചരിക്കുന്നു.
12 കി.മീ ചുരം താണ്ടാൻ മൂന്ന് മണിക്കൂർ എടുക്കുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. വൈദ്യുതി കമ്പികളിൽ തട്ടാത്തവിധം ട്രെയിലറുകൾ കൊണ്ടുപോകാൻ കെഎസ്ഇബി ജീവനക്കാരും ഒപ്പം സഞ്ചരിക്കുന്നുണ്ട്.
ഇന്ന് രാത്രി എട്ട് മണി മുതലാണ് ചുരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചത്. 11 മണിയോടെ ട്രെയിലറുകൾ കടന്ന് പോകാൻ വാഹനങ്ങൾ പൂർണമായും തടയുമെന്ന് അധികൃതർ അറയിച്ചിരുന്നു.
ഫയർഫോഴ്സ്, ഫോറസ്റ്റ് അധികൃതർ, കെഎസ്ഇബി അധികൃതർ തുടങ്ങിയവ ട്രെയിലറുകൾ കയറാൻ ആവശ്യമായ സഹായം ഒരുക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മൂന്നാം വളവിലും അഞ്ചാം വളവിലും തകരപ്പാട്ടയിലും ട്രെയിലറുകൾ നിർത്തിയിടും.
കർണാടക നഞ്ചൻഗോഡിലെ നെസ്‌ലെ കമ്പനിയുടെ പ്ലാന്‍റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായി സെപ്തംബർ 10നാണ് ട്രെയിലറുകൾ അടിവാരത്തെത്തിയത്. ചുരംവഴി പോകുന്നത് ഗതാഗത തടസമുണ്ടാക്കുമെന്നതിനാൽ ജില്ലാ ഭരണകൂടം യാത്രാനുമതി നിഷേധിക്കുകയായിരുന്നു.
ചർച്ചകൾക്കൊടുവിൽ മൂന്നു മാസത്തിന് ശേഷമാണ് ട്രെയിലറുകൾ ചുരം കയറാനൊരുങ്ങുന്നത്. ജില്ലാഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ നൽകിയതിന് ശേഷമാണ് യാത്രാനുമതി നൽകിയത്.
Adjust Story Font
16