പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; ഡെപ്യൂട്ടി തഹസിൽദാറെ കാണാതായ കേസിൽ മൂന്നുപേർ അറസ്റ്റിൽ
പണം കൊടുത്തതിന് ശേഷവും പ്രതികൾ ഭീഷണി തുടർന്നുവെന്ന് തിരൂർ ഡെപ്യൂട്ടി തഹസിൽദാർ ചാലിബ് പൊലീസിനോട് പറഞ്ഞു
കോഴിക്കോട്: മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. തിരൂർ സ്വദേശികളായ അജ്‌മൽ , ഫൈസൽ, ഷഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്.
പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിലധികം രൂപ പ്രതികൾ തട്ടിയെടുത്തതായി ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് പൊലീസിന് മൊഴിനൽകിയിരുന്നു. പണം കൊടുത്തതിന് ശേഷവും പ്രതികൾ ഭീഷണി തുടർന്നു.
പിന്നാലെയാണ് ബുധനാഴ്‌ച വൈകിട്ട് ചാലിബിനെ കാണാതാകുന്നത്. ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയ ഇദ്ദേഹം ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്‌സ് ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്‌ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് കുടുംബം തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചാലിബ് ഭാര്യയെ ഫോണിൽ ബന്ധപ്പെടുന്നത്. മാനസികപ്രയാസം കാരണം മാറി നിൽക്കുന്നുവെന്ന് ഭാര്യയെ അറിയിച്ചു. ശേഷം വെള്ളിയാഴ്‌ച രാത്രി വീട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു. തുടർന്നാണ് കാര്യങ്ങൾ വ്യക്തമാക്കി പൊലീസിന് മൊഴി നൽകിയത്.
Adjust Story Font
16