മാനസികാരോഗ്യത്തിന് മതിയായ നടപടികളില്ലേ? കേരളത്തിൽ 2021ൽ ജീവനൊടുക്കിയത് മൂന്നു ശതമാനം കൂടുതൽ പേർ
കുടുംബ പ്രശ്‌നങ്ങൾ മൂലം 47.7 ശതമാനം പേരാണ് കേരളത്തിൽ ജീവൻ വെടിഞ്ഞത്. 33.2 ആണ് ദേശീയ ശരാശരി
കേരളത്തിൽ 2021ൽ ജീവനൊടുക്കിയവരുടെ എണ്ണം 2020ലേതിനെ അപേക്ഷിച്ച് മൂന്നു ശതമാനം കൂടുതൽ. 0.7 ശതമാനമാണ് ദേശീയ തലത്തിലെ വർധനവ്. എന്നാൽ ഇതിനേക്കാൾ കൂടുതൽ ശതമാനം പേരാണ് കേരളത്തിൽ നിന്ന് മരണം തെരഞ്ഞെടുത്ത് മടങ്ങിയവർ. 2020ൽ 24 ശതമാനമായിരുന്ന ആത്മഹത്യാ നിരക്ക് 2021ൽ 26.9 ശതമാനമായിരിക്കുകയാണ്. നാളെ ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കവേയാണ് കേരളത്തിലും ഇന്ത്യയിലും നടന്ന ആത്മഹത്യകളുടെ കണക്കുകളും വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (NCRB) കണക്ക് പ്രകാരം രാജ്യത്ത് ആകെ ആത്മഹത്യ ചെയ്തവരിൽ 5.8 ശതമാനം പേരാണ് കേരളത്തിൽ നിന്നുള്ളവർ. 2020ൽ 8500 പേർ ജീവനൊടുക്കിയപ്പോൾ 2021ൽ 9549 പേരാണ് ജീവിതം മതിയാക്കിയത്. രാജ്യത്ത് ആകെ 164033 പേരാണ് 2021ൽ ആത്മഹത്യ ചെയ്തത്. 2020ൽ 153052 പേരായിരുന്നു ആകെ മരിച്ചവർ.
ഒരു ലക്ഷത്തിൽ എത്ര പേർ ആത്മഹത്യ ചെയ്തുവെന്ന കണക്കിൽ കേരളം തുടർച്ചയായ മൂന്നാം വർഷവും അഞ്ചാമതുണ്ട്. ദേശീയ ശരാശരിയായ 12 ന്റെ ഇരട്ടിയിലധികമുള്ള ശരാശരിയാണ് കേരളത്തിലേത്. 26.9 ആണ് ശരാശരി. 2019ൽ കേരളത്തിലെ ശരാശരി 24.3 ഉം ദേശീയ ശരാശരി 10.4 ആയിരുന്നു.
ആത്മഹത്യാ നിരക്ക് കൂടിയത് ഗൗരവതരമായാണ് വിദഗ്ധർ കാണുന്നത്. 'ഈ വർധനവ് വളരെ ഗൗരവതരമാണ്, കോവിഡ് മഹാമാരിയും തുടർന്നുണ്ടായ സാമ്പത്തിക സാമൂഹിക തകർച്ചയും ഇതിന് പിറകിലുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ മാനസികാരോഗ്യത്തിന് പുറംമോടിയാക്കിയുള്ള നടപടികൾക്ക് പകരം ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾ വേണം' പ്രശസ്ത സൈകാട്രിസ്റ്റായ സി.ജെ ജോൺ പറഞ്ഞു.
കുടുംബ പ്രശ്‌നങ്ങൾ മൂലം 47.7 ശതമാനം പേരാണ് കേരളത്തിൽ ജീവൻ വെടിഞ്ഞത്. 33.2 ആണ് ദേശീയ ശരാശരി. അസുഖങ്ങൾ മൂലം 4552 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഈ തരത്തിൽ മരിച്ചവരിൽ സംസ്ഥാന ശരാശരി 21 ശതമാനവും ദേശീയ ശരാശരി 18.6 ശതമാനവുമാണ്.
12 കൂട്ട ആത്മഹത്യകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഈ തരത്തിലുള്ള ആത്മഹത്യകളിൽ രാജ്യത്ത് നാലാമതാണ് കേരളം. കൂടുതൽ തമിഴ്‌നാട്(33), രാജസ്ഥാൻ (25), ആന്ധ്രപ്രദേശ് (22) എന്നിവിടങ്ങളിലാണ്.
മെട്രിക്കുലേഷൻ അല്ലെങ്കിൽ സെക്കൻഡറി തലം വരെ വിദ്യാഭ്യാസം നേടിയ വ്യക്തികളുടെ 39,333 ആത്മഹത്യകളിൽ മൂന്നാമത് കേരളമാണ്. 9.6% ആണ് സംസ്ഥാനത്തുള്ളത്. ലഹരി ആസക്തിയും മയക്കുമരുന്ന് ദുരുപയോഗവും രാജ്യത്തെ ആത്മഹത്യാ കാരണങ്ങളിൽ മൂന്നാമതുണ്ട്. 6.4 പേരാണ് ഇക്കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്നത്. ഇതും സംസ്ഥാനത്തിന് ഭീഷണിയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കുക. Toll free helpline number: ൧൦൫൬
Three percent more people committed suicide in Kerala in 2021
Adjust Story Font
16