ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ
മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചവരാണ് പൊലീസിനെ ആക്രമിച്ചത്
കോഴിക്കോട്: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചവരാണ് പൊലീസിനെ ആക്രമിച്ചത്.
ബാലുശ്ശേരി പുത്തൂർ സ്വദേശി റബിൻ ബേബി, നടുവണ്ണൂർ സ്വദേശി ബബിനേഷ്, വട്ടോളി ബസാർ സ്വദേശി നിധിൻ എന്നിവരാണ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ബാലുശ്ശേരി ബസ്സ്റ്റാന്റ് പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും നാട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും ചെയ്തതിന് പൊലീസ് മൂവരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഇതിന് പിന്നാലെ ഇവർ സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടന്ന് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞെങ്കിലും പൊലീസ് ഇവരെ പിന്തിരിപ്പിച്ച് പറഞ്ഞയച്ചു. രാത്രിയിലും സംഘം സ്റ്റേഷനിലെത്തിബഹളം തുടർന്നു. അപ്പോഴും പൊലീസ് ഇവരെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. തുടർന്ന് 8.30 ഓടെ സ്റ്റേഷൻ മതിൽ ചാടികടന്നെത്തിയ സംഘം പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എ.എസ്.ഐ രാജേഷിന്റെ കൈക്ക് പരിക്കേറ്റു, പരിക്ക് സാരമുള്ളതല്ല. അറസ്റ്റിലായ മൂന്നുപേരും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ രാത്രിയിൽ തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Adjust Story Font
16