Quantcast

കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് മൂന്നാണ്ട്; വീടും നഷ്ടപരിഹാര തുകയും ലഭിച്ചു, പാലങ്ങളുടെ നിർമാണം ബാക്കി

2021 ഒക്ടോബർ 16നായിരുന്നു കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും തൊട്ടടുത്ത് ഇടുക്കി ജില്ലയിലെ കൊക്കയാറും ഉരുൾപൊട്ടൽ നാശംവിതച്ചത്

MediaOne Logo

Web Desk

  • Published:

    10 Aug 2024 1:30 AM GMT

Three years since the Koottickal landslide disaster in Kottayam
X

കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് മൂന്നാണ്ട് പിന്നിടുകയാണ്. തകർന്ന വീടുകൾക്കു പകരം വീടും നഷ്ടപരിഹാര തുകയും ഭൂരിഭാഗവും ആളുകൾക്കും ലഭിച്ചു. എന്നാൽ, തകർന്ന പാലങ്ങളുടെ നിർമാണം നടക്കാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. 2021 ഒക്ടോബറിലായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തമുണ്ടായത്.

ഒക്ടോബർ 16ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും തൊട്ടടുത്ത് ഇടുക്കി ജില്ലയിലെ കൊക്കയാറും ഉരുൾപൊട്ടൽ നാശം വിതയ്ക്കുകയായിരുന്നു. ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 21 പേർക്ക് ജീവൻ നഷ്ടമായി. ആ ദുരന്തത്തിന്‍റെ ഞെട്ടലിൽനിന്ന് ഇതുവരെയും മോചിതരായിട്ടില്ല ഇവിടത്തുകാർ.

എല്ലാം തകർത്തെറിഞ്ഞ ദുരിതക്കയത്തിൽനിന്നു പതുക്കെ കരകയറുകയാണ് കൂട്ടിക്കൽ. കണ്ണീരിന്റെ ഇരുണ്ട കാലം നീങ്ങി. കൂട്ടിക്കലിൽ 20 കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ മുടക്കി വീടുകള്‍ നിർമിച്ചുനൽകി. ഭാഗിക നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് നാല് ലക്ഷം രൂപ വീതവും ലഭിച്ചു.

ദുരന്തദിനം ഓർക്കുമ്പോൾ പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലില്‍ ഭാര്യയെയും അയൽവാസികളായ മൂന്നുപേരെയും നഷ്ടമായ മോഹനന്റെ വാക്കുകൾ ഇടറും. നിരവധി കുടുംബങ്ങൾ ഉരുൾപൊട്ടലിനുശേഷം ഇവിടെനിന്നു പലായനം ചെയ്തു. സഹായങ്ങൾ ഒരുക്കി ഒരുപാട് വ്യക്തികളും സംഘടനകളും കൂട്ടിക്കലിനായി കൈകോർത്തു. സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടികളും വീടുകൾ നിർമിച്ചുനൽകി.

എന്നാൽ, ഉരുള്‍പൊട്ടല്‍ തകർത്ത പാലങ്ങളുടെ നിർമാണം എങ്ങുമെത്തിയില്ല. തകർന്ന എന്തയാർ പാലവും പൊളിച്ച ഇളംകാട് പാലവും ജനങ്ങൾക്ക് ഇന്നും ദുരിതമാണ്. രണ്ടിടത്തും നടപ്പാലങ്ങൾ നിർമിച്ചെങ്കിലും വാഹനയാത്രയ്ക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.

ഇളംകാട് പാലം റീ എസ്റ്റിമേറ്റ് നടത്തി നിർമാണം ഉടൻ തുടങ്ങുമെന്ന് എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ പാലം നിർമാണം തുടങ്ങിയിട്ടുണ്ടെന്നും എം.എൽ.എ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം തന്നെ പാലങ്ങൾ തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയാണു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്നത്.

വീടുകള്‍ നിർമിച്ചുനൽകുന്നതിലും നഷ്ടപരിഹാരം നൽകുന്നതിലും സർക്കാർ മാതൃകപരമായ ഇടപെടല്‍ നടത്തിയെന്നതു പ്രശംസനീയമാണ്. എന്നാൽ, തകർന്ന പാലങ്ങളുടെ പുനര്‍നിര്‍മാണം അടക്കമുള്ളവ കൂടി പൂർത്തിയായെങ്കിൽ മാത്രമേ പുനരധിവാസം പൂർത്തിയാകൂ.

Summary: Three years since the Koottickal landslide disaster in Kottayam. The houses and the compensation were received, still the construction of the bridges remains unfulfilled

TAGS :

Next Story