പി.സി ജോർജിനെ ഉമ്മവെച്ചയാളെയാണോ സ്ഥാനാർഥിയാക്കിയതെന്ന് സി പി എം പറയണം: വി.ഡി സതീശൻ
വാ തുറന്നാൽ വിഷം മാത്രം തുപ്പുന്ന പി സി ജോർജിന്റെ സ്ഥാനാർഥിയെ ആണോ എൽഡിഎഫ് നിർത്തേണ്ടതെന്നും വി.ഡി സതീശൻ ചോദിച്ചു
പി.സി ജോർജിനെ ഉമ്മവെച്ചയാളെയാണോ സ്ഥാനാർത്ഥിയാക്കിയതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സഭാ സ്ഥാപനത്തെ സിപിഎം ദുരുപയോഗം ചെയ്തുവെന്നും വി.ഡി സതീശൻ ആരോപിച്ചു.
ജോ ജോസഫ് സഭാ സ്ഥാനാർഥിയെന്ന് വരുത്തിതീർക്കാനാണ് സഭാ സ്ഥാപനത്തെ സിപിഎം ഉപയോഗിച്ചത്, സഭാ സ്ഥാപനത്തെ ഉപയോഗിച്ചതിനെതിരെ ഒരു വിഭാഗം വിശ്വാസികളാണ് രംഗത്തുവന്നത്, താൻ സഭാ സ്ഥാനാർഥിയല്ലെന്ന് ആദ്യം പറഞ്ഞത് എൽഡിഎഫ് സ്ഥാനാർഥി തന്നെയാണെന്നും സഭയെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് പി രാജീവാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. സഭയെ ഉപയോഗപ്പെടുത്താൻ ശ്രമിച്ച സിപിഎമ്മിന് വെളുക്കാൻ തേച്ചത് പാണ്ഡായി എന്ന സ്ഥിതിയായെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ജോ ജോസഫ് സഭാ സ്ഥാനാർഥിയാണെന്ന് യു ഡി എഫ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. വാ തുറന്നാൽ വിഷം മാത്രം തുപ്പുന്ന പി സി ജോർജിന്റെ സ്ഥാനാർഥിയെ ആണോ എൽഡിഎഫ് നിർത്തേണ്ടതെന്നും വി.ഡി സതീശൻ ചോദിച്ചു.
സഭയും മതവും വേണോ വികസിത തൃക്കാക്കര വേണോ എന്നതാണ് തെരഞ്ഞെടുപ്പ് ചോദ്യമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിലേക്ക് സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്തതാത്പര്യക്കാരാണ് എന്ന് ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡി സതീശനും കെ സുധാകരനും ചെന്നിത്തല പരോക്ഷമായി മറുപടി പറഞ്ഞതിനാൽ ഇനി ഇടതുപക്ഷം അക്കാര്യം വിശദീകരിക്കുന്നില്ലെന്നും രാജീവ് പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സഭയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചതെന്ന് കരുതുന്നില്ല. വിവാദങ്ങളിലേക്ക് കത്തോലിക്കാ സഭയെ വലിച്ചിഴക്കരുതെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കിൽ അരുൺകുമാറിനെ സിപിഎം പിൻവലിക്കില്ലായിരുന്നു. രാഷ്ട്രീയ പോരാട്ടത്തിൽ നിന്നും സിപിഎം പിന്മാറിക്കഴിഞ്ഞു. കെ റെയിലിനുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Adjust Story Font
16