തൃക്കാക്കര ഫലം എറണാകുളം അതിരൂപത വിശ്വാസികളുടെ മനസ്സിനേറ്റ മുറിവിനുള്ള മറുപടി-സഭാ സുതാര്യ സമിതി
''ഭൂമി കുംഭകോണ വിഷയത്തിൽ എല്ലാ ഏജൻസികളും കർദിനാൾ കുറ്റക്കാരനാണെന്ന് കണ്ടപ്പോൾ സർക്കാർ നൽകിയ ക്രൈംബ്രാഞ്ച് റിപ്പോർട്ടാണ് കർദിനാളിന് പിടിവള്ളിയായത്. കഴമ്പില്ലാത്ത കേസായിട്ടും വ്യാജരേഖ കേസിന്റെ പേരിൽ അതിരൂപതയിലെ വൈദികരെ വേട്ടയാടാനും പള്ളി റെയ്ഡ് ചെയ്യാനും സർക്കാർ ഒത്താശ ചെയ്തിരുന്നു.''
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വമ്പൻ പരാജയം എറണാകുളം അതിരൂപത വിശ്വാസികളുടെ മനസിനേറ്റ മുറിവിനുള്ള മറുപടിയാണെന്ന് സഭാ സുതാര്യസമിതി(എ.എം.ടി). കർദിനാൾ ആലഞ്ചേരിയുടെ സ്വാധീനത്തിൽ എറണാകുളം അതിരൂപത ബസിലിക്കയിൽ സർക്കാർ പൊലീസിനെ ഉപയോഗിച്ച് നടത്തിയ അഴിഞ്ഞാട്ടത്തിന്ന് തക്ക മറുപടി നൽകിയ വിശ്വാസികൾക്ക് എ.എം.ടിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ഓശാന ഞായറാഴ്ച കർദിനാൾ ആലഞ്ചേരിക്ക് എറണാകുളം ബസിലിക്കയിൽ കുർബാന അർപ്പിക്കാൻ പള്ളിയുടെ ഉള്ളിൽ പോലും നൂറുകണക്കിന് പൊലീസിന്റെയും ആയുധധാരികളായ കമാൻഡോകളുടെയും മജിസ്ട്രേറ്റ്, തഹസിൽദാർ എന്നിവരുടെയും സാന്നിധ്യത്തിൽ അവസരമൊരുക്കിയത് എൽ.ഡി.എഫ് സർക്കാർ സംവിധാനങ്ങളാണ്. അത് എറണാകുളം അതിരൂപതയിലെ വിശ്വാസികൾക്കുണ്ടാക്കിയ മുറിവ് വളരെ വലുതാണ്. ബസിലിക്കയിൽ വിശുദ്ധ കുർബാന സമയത്തു പോലും പൊലീസും കമാൻഡോകളും അഴിഞ്ഞാടിയത്, അൾത്താരയിൽ പോലും ബൂട്ടിട്ട് കമാൻഡോകളെ കയറ്റിയത്, കർദിനാൾ പാറേക്കാട്ടിൽ പിതാവിന്റെ കബറിടത്തിൽ പോലും പൊലീസും കമാൻഡോകളും കയറി നിരങ്ങിയത്, ബസിലിക്ക വിശുദ്ധ കുർബാന പോലും മുടക്കി പൂട്ടിയിട്ടത് ഒന്നും എറണാകുളം അതിരൂപത വിശ്വാസികൾ മറന്നില്ല. ഉപതെരഞ്ഞെടുപ്പിൽ ഈ മുറിവിനുള്ള മറുപടി അതിരൂപത വിശ്വാസികൾ നൽകിയിരിക്കുകയാണെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
അടുത്ത കാലത്ത് സീറോ മലബാർ സഭയിലുണ്ടായ പ്രശ്‌നങ്ങളിൽ എൽ.ഡി.എഫ് എല്ലാക്കാലത്തും കർദ്ദിനാളിന്റെ പക്ഷം പിടിച്ചു നീതിക്കു വേണ്ടി നിലപാടെടുത്തവരെ ഒറ്റപ്പെടുത്തിയിരുന്നു. ഭൂമി കുംഭകോണ വിഷയത്തിൽ എല്ലാ ഏജൻസികളും കർദിനാൾ കുറ്റക്കാരനാണെന്ന് കണ്ടപ്പോൾ സർക്കാർ നൽകിയ ക്രൈംബ്രാഞ്ച് റിപ്പോർട്ടാണ് കർദിനാളിന് പിടിവള്ളിയായത്. കഴമ്പില്ലാത്ത കേസായിട്ടും വ്യാജരേഖ കേസിന്റെ പേരിൽ അതിരൂപതയിലെ വൈദികരെ വേട്ടയാടാനും പള്ളി റെയ്ഡ് ചെയ്യാനും സർക്കാർ ഒത്താശ ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ ആരാധനാക്രമ വിഷയത്തിലും സർക്കാർ കർദിനാളിന്റെ പക്ഷംപിടിച്ചു. ഇതിനെല്ലാം എറണാകുളം അതിരൂപത വിശ്വാസിസമൂഹം കൃത്യമായി നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പു ഫലമെന്ന് എ.എം.ടി പ്രസിഡന്റ് മാത്യു കരോണ്ടുകടവൻ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ് ഷൈജു ആന്റണി എന്നിവർ കൂട്ടിച്ചേർത്തു.
Summary: Thrikkakara bypoll result is response ernakulam-angamaly archdiocese believers, says Church transparency committee
Adjust Story Font
16