'തൃപ്പൂണിത്തുറയില്‍ സ്ഫോടനം നടന്നത് ട്രാവലർ വാഹനത്തിൽ'-ദൃക്സാക്ഷി മീഡിയവണിനോട്
സ്ഫോടനം നടന്നയുടന്‍ രണ്ടുപേർ റോഡിനപ്പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു
കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്ഫോടനം നടന്നത് ട്രാവലർ വാഹനത്തിൽനിന്നെന്നു ദൃക്സാക്ഷി. ട്രാവലറിലാണ് ആളുകൾ എത്തിയത്. വാഹനം എത്തി അരമണിക്കൂർ കഴിഞ്ഞാണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷി സേതുമാധവൻ മീഡിയവണിനോട് പറഞ്ഞു.
സ്ഫോടനം നടന്നയുടന്‍ രണ്ടുപേർ റോഡിനപ്പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവരാണ് അപകടത്തില്‍ മരിച്ചത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് റേഷൻകട നടത്തുന്നയാളാണ് സേതുമാധവൻ.
തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്ഫോടകവസ്തുക്കളാണു തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ 25 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ ക്ഷേത്ര ഭരണസമിതി, ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കൂടുതൽ പേരെ അന്വേഷണസംഘം പ്രതിചേർക്കും.
കേസിലെ മുഖ്യപ്രതികളായ ദേവസ്വം പ്രസിഡന്‍റ് സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ഖജാഞ്ചി സത്യൻ എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ഇവർക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
അപകടത്തിൻ്റെ കാരണം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ഫയർഫോഴ്സ് റിപ്പോർട്ടും ലഭിച്ചാലാണ് ഇക്കാര്യത്തിൽ വ്യക്തത വരിക. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച റിപ്പോർട്ട് ഉടൻ ജില്ലാ കലക്ടർക്ക് കൈമാറും.
Summary: An eyewitness told MediaOne that the blast took place in Thrippunithura was from a traveller vehicle
Adjust Story Font
16