മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാത്ത സംഭവം;തൃശൂർ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ചയെന്ന് പൊലീസ്
വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പൊലീസ് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് റിപ്പോർട്ട് നൽകി
തൃശൂർ: വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം തിരികെ കൊണ്ട് വന്നു പോസ്റ്റ്‌മോർട്ടം നടത്തിയതിൽ തൃശൂർ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്. മരണ വിവരം ഡ്യൂട്ടി ഡോക്ടർ പൊലീസിനെ അറിയിച്ചില്ല. വീഴ്ച ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പൊലീസ് സിറ്റി പൊലീസ് കമ്മീഷ്ണർക്ക് റിപ്പോർട്ട് നൽകി. വടക്കാഞ്ചേരി സ്വദേശി യൂസഫിന്റെ മൃതദേഹം സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ തിരിച്ചെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
പോസ്റ്റ് മോർട്ടം നടത്താതെ വിട്ട് കൊടുത്ത യുസഫിന്റെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിച്ച ശേഷമാണു മെഡിക്കൽ കോളേജ് അധികൃതർ തിരികെ കൊണ്ട് പോയത്. തുടർന്ന് പോസ്റ്റ്മോർട്ടം നടത്താൻ തുടങ്ങിയ ശേഷമാണ് പൊലീസിനെ വിവരമറിയിച്ചത്. രേഖാമൂലമുള്ള വിവരം ഉച്ചയോടെ മാത്രമാണ് പൊലീസിന് ലഭിക്കുന്നത്. വടക്കാഞ്ചേരി പൊലീസ് നൽകിയ റിപ്പോർട്ട് സിറ്റി കമ്മീഷ്ണർ പരിശോധിച്ച് വരികയാണ്.
അതെ സമയം വിഷയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറും. അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം ആവശ്യപെട്ടിരുന്നു.
Adjust Story Font
16