തൃശൂരിലെ യുവാവിന്‍റെ അസ്വാഭാവിക മരണം കൊലപാതകം: ഭാര്യ അറസ്റ്റില്‍
ആദ്യമെല്ലാം താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന നിഷ, ഒടുവിൽ നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞു
തൃശൂര്‍: വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യ നിഷയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ പതിനൊന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നിഷയുടെ ഫോൺ വിളികളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
നെഞ്ചില്‍ മുറിവേറ്റ നിലയിലാണ് വിനോദിനെ നിഷ ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരും തമ്മില്‍ പിടിവലിയുണ്ടായപ്പോള്‍ നിലത്തുവീണ് എന്തോകൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചിരുന്നത്. ചികിത്സക്കിടെ വിനോദിന്‍റെ മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജന്റെ അഭിപ്രായവും കൊലപാതകമാവാം എന്നതായിരുന്നു.
ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. വിനോദിന്‍റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യംചെയ്തു. ആദ്യമെല്ലാം താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന നിഷ, ഒടുവിൽ നടന്ന സംഭവങ്ങൾ തുറന്നു പറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റതാണ് വിനോദ് മരിക്കാന്‍ കാരണമെന്ന് നിഷ സമ്മതിച്ചു.
തന്‍റെ ഫോൺ വിളികളിൽ സംശയാലുവായിരുന്ന വിനോദ് ഇതേചൊല്ലി കലഹിക്കുമായിരുന്നുവെന്ന് നിഷ പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം വൈകീട്ട് ജോലി കഴിഞ്ഞെത്തിയ വിനോദ്, നിഷ ഫോൺവിളിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മില്‍ മൽപിടുത്തം നടന്നു. പിടിവലിക്കിടയിൽ വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചതോടെ, നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു.
വിനോദ് ആശുപത്രി ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വെച്ചു. സംഭവ സമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു. കഴുകി വൃത്തിയാക്കി ഒളിപ്പിച്ച കത്തിയും കത്തിച്ച വസ്ത്രഭാഗങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. നിഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Adjust Story Font
16