തൃശൂർ ശക്തൻ നഗർ ആകാശ നടപ്പാത ഇന്ന് തുറക്കും
തൃശൂര്‍ നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ശക്തൻ നഗറിലാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാത സ്ഥിതിചെയ്യുന്നത്
ശക്തന്‍ നഗറിലെ ആകാശപാത
തൃശൂർ: ശക്തൻ നഗർ ആകാശ നടപ്പാത ഇന്ന് തുറക്കും. കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാതയാണ് തൃശൂരിലേത്. എട്ടു കോടി രൂപ ചെലവിലാണ് പാതയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചത്.
ശക്തൻ നഗറിലെ ആകാശപാത നഗരവികസനത്തിൽ നിർണായകമായ ചുവടുവയ്‍പ്പാകുമെന്നാണ് പ്രതീക്ഷ. ഇന്നു രാത്രി ഏഴിനു മന്ത്രി കെ. രാധാകൃഷ്ണൻ ആകാശപാത ഉദ്ഘാടനം ചെയ്യും. നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ശക്തൻ നഗറിൽ സംഗമിക്കുന്ന നാലു റോഡുകളെയാണ് ആകാശപാത ബന്ധിപ്പിക്കുന്നത്. പാത തുറക്കുന്നതോടെ തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കും.
കോർപറേഷന്‍റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു കോടി രൂപ ചെലവിലാണ് വൃത്താകൃതിയിലുള്ള ആകാശപാത നിർമിച്ചിരിക്കുന്നത്. പഴയ പട്ടാളം-ശക്തൻ തമ്പുരാൻ നഗർ റോഡ്, റിങ് റോഡ്, ശക്തൻ നഗർ റോഡ്, ശക്തൻ തമ്പുരാൻ ഹൈറോഡ് എന്നിവയെയാണ് ആകാശപാത ബന്ധിപ്പിക്കുന്നത്.
ശക്തൻ ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ നാലു ഭാഗങ്ങളിൽനിന്ന് ആകാശപ്പാതയിലേക്കു ചവിട്ടുപടികളിലൂടെ പ്രവേശിക്കാം. നിലവിൽ രണ്ടിടങ്ങളിൽ ലിഫ്റ്റും സജ്ജീകരിച്ചിട്ടുണ്ട്. നടപ്പാതയ്ക്കു മുകളിലുള്ള ഷീറ്റിൽ സോളാർ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. കിറ്റ്‍കോയുടേതാണ് ആകാശപ്പാതയുടെ ഡിസൈൻ.
Summary: Thrissur Sakthan Sky Walk will be opened today
Adjust Story Font
16