Quantcast

തൃശൂര്‍ സ്കൂളിലെ വെടിവെപ്പ്; ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

പ്രതി രണ്ട് വർഷമായി മാനസിക രോഗത്തിന് ചികിത്സ തേടുന്നതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-22 00:53:44.0

Published:

22 Nov 2023 12:51 AM GMT

thrissur school shooting
X

പ്രതി ജഗന്‍ സ്കൂളില്‍

തൃശൂർ: തൃശൂർ വിവേകോദയം സ്കൂളിൽ ബേബി എയർ പിസ്റ്റളിൽ നിന്ന് വെടിയുതിർത്ത പൂർവ വിദ്യാർഥി ജഗനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതി രണ്ട് വർഷമായി മാനസിക രോഗത്തിന് ചികിത്സ തേടുന്നതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇന്നലെ രാവിലെയാണ് സ്കൂളിലെത്തിയ പ്രതി വെടിയുതിർത്തത് .

2020 മുതൽ ജഗൻ മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്ന് സംഭവം നടന്നതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ ചികിത്സ രേഖകളും ഹാജരാക്കി. അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജഗനെതിരെ കേസെടുത്തത്. പ്രതിക്ക് ജാമ്യം നൽകിയ കോടതി പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും ഉത്തരവിട്ടു. സ്കൂളിൽ നിന്ന് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് പോയ വിദ്യാർഥിയാണ് ജഗൻ. ഇതിന് കാരണക്കാരായത് രണ്ട് അധ്യാപകരാണെന്നും ഇവർ ഭാവി നശിപ്പിച്ചുവെന്നും ആരോപിച്ചാണ് ഇയാൾ ഇന്നലെ സ്കൂളിലെത്തി അതിക്രമം കാട്ടിയത്. സ്റ്റാഫ് റൂമിലുണ്ടായിരുന്ന അധ്യാപകരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ബാഗിൽ നിന്ന് ബേബി എയർ പിസ്റ്റർ പുറത്തെടുത്തത്.

സ്റ്റാഫ് റൂമിൽ നിന്നിറങ്ങി ക്ലാസ് റൂമുകളിലേക്ക് പോകുകയും പിസ്റ്റൾ മുകളിലേക്ക് ഉയർത്തി വെടി വെക്കുകയും ചെയ്തു. പിന്നീട് രണ്ടാം നിലയിലെ ക്ലാസ് റൂമിന് വെളിയിൽ നിന്ന് താഴേക്ക് ചാടിയിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കവേയാണ് സ്കൂൾ അധികൃതർ പിടി കൂടി പൊലീസിനെ ഏൽപ്പിച്ചത്. തിര നിറക്കാത്ത ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടി വെച്ചതെന്നാണ് പൊലീസ് വിശദീകരണം. തിരയില്ലെങ്കിലും വെടിയുതിർത്ത പോലുള്ള ശബ്ദം കേൾക്കുമെന്ന് എയർ പിസ്റ്റൾ വിൽപന നടത്തിയ കട ഉടമയും പറഞ്ഞു. 1500 രൂപക്ക് സെപ്തംബർ 28 നാണ് ഇയാൾ ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് പിസ്റ്റൾ വാങ്ങിയത്.



TAGS :

Next Story