കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവ ഉൾവനത്തിലേക്ക് കടന്നതായി നിഗമനം
നാല് ദിവസമായി ജനവാസമേഖലയിൽ ഇറങ്ങിയിട്ടില്ല, പാലക്കാട് മണ്ണാർകാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി പരാതി
വയനാട് കുറുക്കൻമൂലയിലെ കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കടുവ ഉൾവനത്തിലേക്ക് കടന്നതായാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ഇതുമൂലമാണ് കഴിഞ്ഞ ദിവസം മയക്കുവെടി വെക്കാൻ കഴിയാതിരുന്നത്. നാല് ദിവസമായി കടുവ ജനവാസ മേഖലകളിലിറങ്ങി വളർത്തുമൃഗങ്ങളെ വേട്ടയാടിയിട്ടില്ല.
എങ്കിലും കഴുത്തിൽ മുറിവേറ്റ കടുവയെ പിടികൂടി ചികിത്സ നൽകേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഇതിനായി മയക്കുവെടി സംഘം കുറുക്കൻമൂലയിൽ തുടരും. ഇന്നലെ പുതുതായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്നും വനപാലകർ ഇന്ന് പരിശോധിക്കും.
അതേ സമയം പാലക്കാട് ജില്ലയിലെ മണ്ണാർകാട് തത്തേങ്ങലത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങിയെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. രണ്ടു മാസത്തിലേറെയായി പ്രദേശത്ത് പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണെന്നാണ് പരാതി. പത്തിലേറെ ആടുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.പരാതിയെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കാൻ നടപടി തുടങ്ങിയതായി മണ്ണാർകാട് ഡി.എഫ്.ഒ അറിയിച്ചു.
Adjust Story Font
16