വയനാട്ടിൽ കടുവ ചത്ത സംഭവം; പാർക്കിൻസൺസ് രോഗിയായ സ്ഥലമുടമക്കെതിരെ കേസ്
രോഗബാധിതനായതിനാൽ സ്വന്തമായി എഴുന്നേറ്റ് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത വ്യക്തിക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
വയനാട്: പാടിപറമ്പിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലമുടമക്കെതിരെ കേസെടുത്തതിൽ വ്യാപക പ്രതിഷേധം. പാർക്കിൻസൺസ് രോഗിയായ പള്ളിയാലിൽ മുഹമ്മദിനെതിരെയാണ് കേസെടുത്തത്. 76 വയസുള്ള മുഹമ്മദ് ഒമ്പത് വർഷമായി രോഗിയാണ്. മൂന്ന് വർഷമായി താൻ തോട്ടത്തിലേക്ക് പോകാറില്ലെന്ന് മുഹമ്മദ് പറഞ്ഞു.
സ്വന്തമായി എഴുന്നേറ്റ് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത വ്യക്തിക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഭരണകക്ഷി നേതാക്കളായ സി.പി.എം, സി.പി.ഐ ജില്ലാ സെക്രട്ടറിമാരും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമും വനംവകുപ്പിനെതിരെ രംഗത്തെത്തി. എന്നാൽ കേസെടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടത്. ഒരു കുരുക്കിൽ കുടുങ്ങിയാണ് കടുവ ചത്തത്. ഇതിന്റെ പേരിലാണ് മുഹമ്മദിനെ പ്രതിയാക്കി കേസെടുത്തത്.
Adjust Story Font
16