പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി ടിങ്കു പിടിയിൽ
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ടിങ്കുവും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 6 പൊലീസുകാര്‍ക്ക് പരുക്കേറ്റു
കോഴിക്കോട് കുന്ദമംഗലം ഏരിമലയില്‍ പിടികിട്ടാപ്പുള്ളിയെ പിടിക്കാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. നിരവധി കേസുകളില്‍ പ്രതിയായ ടിങ്കുവും കൂട്ടാളികളുമാണ് പൊലീസിനെ അക്രമിച്ചത്. പൊലീസുകാര്‍ സാഹസികമായി പിടികൂടി സ്റ്റേഷനിലെത്തിച്ച ശേഷവും പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു .
വിവിധ ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയായ ടിങ്കു കുന്ദമംഗലത്ത് ഒരു വിവാഹചടങ്ങിനെത്തിയെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസിലെ ഡെന്‍സാഫ് സ്ക്വാഡ് സ്ഥലത്തെത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ടിങ്കുവും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 6 പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഡെൻസാഫ് സ്ക്വാഡ് അംഗം ജോമോന് കാല്‍മുട്ടിന് ഗുരുതര പരുക്കുണ്ട്. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ടിങ്കുവിനെ കീഴടക്കാന്‍ സാധിച്ചത്. ഇതിനിടെ കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ചതിനു ശേഷം പൊലീസുകാരെ അക്രമിച്ച് രക്ഷപ്പെടാന്‍ പ്രതി ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടയില്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ പൊലീസുകാരനും പരുക്കേറ്റു. ഇയാളുടെ കൂട്ടാളികള്‍ക്കു വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
Adjust Story Font
16