Quantcast

റീൽസെടുത്തത് ഞായറാഴ്‌ച, ശിക്ഷാനടപടിയില്ല; കലാകാരായ ജീവനക്കാർക്ക് പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്

ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയുമാകണം സർഗാത്മക പ്രവർത്തനങ്ങളെന്നും മന്ത്രി നിർദേശിച്ചു

MediaOne Logo

Web Desk

  • Updated:

    2024-07-03 15:09:14.0

Published:

3 July 2024 1:25 PM GMT

tiruvalla municipality_reels
X

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടിയില്ലെന്ന് തദേശസ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ്. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഞായറാഴ്‌ച ദിവസത്തിലാണ് റീൽസ് എടുത്തത്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എംബി രാജേഷ് അറിയിച്ചു.

ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷേ, ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണമെന്നും മന്ത്രി നിർദേശിച്ചു.ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുള്ളതാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവല്ല നഗരസഭയിൽ അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

TAGS :

Next Story