Quantcast

ആന എഴുന്നള്ളിപ്പിന് മാർഗരേഖ; പൂരം പ്രതിസന്ധിയിലാകുമെന്ന് തിരുവമ്പാടി ദേവസ്വം

പൂരം പ്രേമി സംഘവും മാർഗരേഖയിൽ എതിർപ്പുമായി രംഗത്തുണ്ട്

MediaOne Logo

Web Desk

  • Published:

    15 Nov 2024 3:28 AM GMT

Tiruvambadi Devaswom shows disagreement with Elephant procession guidelines
X

തൃശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ പുതിയ മാർഗ നിർദേശങ്ങൾ തൃശൂർ പൂരത്തെ പ്രതിസന്ധിയിലാക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്. മഠത്തിൽ വരവും തെക്കോട്ടിറക്കവും പ്രതിസന്ധിയിൽ ആകും. ഒരു ആനയിൽ നിന്ന് 3 മീറ്റർ മാറിയാൽ പൂരം മാറ്റേണ്ടിവരുമെന്നും മാർഗനിർദേശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും കെ ഗിരീഷ് പറഞ്ഞു.

"രണ്ട് ആനകൾക്കിടയിൽ 3 മീറ്റർ ദൂരം വേണമെന്നാണ് ഹൈക്കോടതി മാർഗരേഖയിൽ പറയുന്നത്. 15 ആന നിൽക്കുമ്പോൾ 45 മീറ്റർ ആകും. തെക്കോട്ടിറക്കം എന്നല്ല ഒരു പൂരവും നടത്താനാവില്ല. മഠത്തിൽ വരവ് നടത്തുന്ന ഇടത്ത് ആകെ റോഡിന് വീതിയുള്ളത് 6 മീറ്റർ ആണ്. തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകും അങ്ങനെ ആയാൽ. ആനകളെ സംരക്ഷിക്കേണ്ടതൊക്കെ ആവശ്യം തന്നെ. പക്ഷേ ആചാരങ്ങളൊന്നും നടക്കേണ്ട എന്ന തലത്തിലേക്ക് പോകാൻ പാടില്ല. നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കും". ഗിരീഷ് പറയുന്നു.

കുടമാറ്റ സമയത്ത് 15 ആനകൾ വീതമാണ് തെക്കേ ഗോപുര നടയിലും മറുവശത്തുമായി നിൽക്കുക. ആനകൾക്കിടയിൽ 3 മീറ്റർ പരിധി വന്നാൽ ഇത് നടക്കില്ലെന്നാണ് തിരുവമ്പാടി ദേവസ്വം പറയുന്നത്. സമാന അഭിപ്രായമാണ് പാറമേക്കാവിനും. പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കുന്നത് തന്നെ ആനകളിൽ നിന്നാണെന്നാണ് പാറമേക്കാവ് ദേവസ്വം നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയത്.

ദേവസ്വങ്ങളെ കൂടാതെ പൂരം പ്രേമി സംഘവും മാർഗരേഖയിൽ എതിർപ്പുമായി രംഗത്തുണ്ട്. തൃശൂർ പൂരം അട്ടിമറിക്കാൻ വിദേശ ശക്തികളുൾപ്പടെ നടത്തുന്ന നീക്കമാണിതെന്നാണ് പൂരം പ്രേമി സംഘം കൺവീനർ വിനോദ് കണ്ടേൻ കാവ് പ്രതികരിച്ചത്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മിനിറ്റുകൾ കൊണ്ട് പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂവെന്നും വിനോദ് പറയുന്നു. കേരളത്തിലേക്ക് 200 ആനകളെ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

TAGS :

Next Story