Quantcast

കെ.സുരേന്ദ്രന് ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫ് വക്കീൽ നോട്ടീസ് അയച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്

MediaOne Logo

Web Desk

  • Published:

    10 Jan 2024 1:47 PM GMT

കെ.സുരേന്ദ്രന് ടിഎൻ പ്രതാപൻ എംപിയുടെ സ്റ്റാഫ് വക്കീൽ നോട്ടീസ് അയച്ചു
X

ന്യൂഡൽഹി/ തൃശൂർ: ടിഎൻ പ്രതാപൻ എംപിയുടെ പിആർഒ എൻഎസ് അബ്ദുൽ ഹമീദിനെതിരായ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ നിരുപാധികം പിൻവലിച്ച് സമൂഹ മധ്യത്തിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.

ഹൈക്കോടതി അഭിഭാഷകൻ അഡ്വ. അനൂപ് വിആർ മുഖേനെയാണ് എൻഎസ്‌യുഐ ജാമിഅ മില്ലിയ സർവ്വകലാശാല ഘടകം പ്രസിഡന്റ് കൂടിയായ എൻഎസ് അബ്ദുൽ ഹമീദ് വക്കീൽ നോട്ടീസ് അയച്ചത്.ജനുവരി ഏഴിന് മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ടിഎൻ പ്രതാപന് വേണ്ടി ഡൽഹിയിൽ ഇരുന്ന് നരേട്ടീവുകളുണ്ടാക്കുന്ന അബ്ദുൽ ഹമീദ് ഒന്നാംതരം പിഎഫ്ഐക്കാരനാണ്.

ഡൽഹി കലാപത്തിൽ ഇയാളുടെ പങ്ക് വ്യക്തമാണ്. ജാമിഅ വിഷയത്തിൽ എൻഐഎ ചോദ്യം ചെയ്ത ആളാണ് എന്നീ ആരോപണങ്ങളാണ് കെ സുരേന്ദ്രൻ ഉന്നയിച്ചത്.ബിജെപി സംസ്ഥാന അധ്യക്ഷന്റെ പത്ര സമ്മേളനത്തിന് പിന്നാലെ ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് എൻഎസ് അബ്ദുൽ ഹമീദ് മാധ്യമങ്ങളെ കണ്ട് ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു.

നോട്ടീസ് ലഭിച്ചതിന്റെ ഏഴു ദിവസത്തിനുള്ളിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ഹമീദ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മാധ്യമങ്ങളിലൂടെ സാമൂഹ്യ മധ്യത്തിൽ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story