'പേര് വച്ച് വേണ്ട'; തൃശൂരിൽ തന്റെ പേരിലുള്ള ചുവരെഴുത്തുകൾ മായ്പ്പിച്ച് ടി.എൻ പ്രതാപൻ എം.പി
യുഡിഎഫിന് വേണ്ടി ചുവരെഴുത്തുകൾ നടത്താം, എന്നാൽ പേര് വച്ച് വേണ്ട എന്ന് പ്രതാപൻ നിർദേശിച്ചു.
തൃശൂർ: ടി.എൻ പ്രതാപൻ എം.പിക്കു വേണ്ടി എഴുതിയ ചുവരെഴുത്തുകൾ വിവാദമായതോടെ മായ്പ്പിച്ചു. എം.പി തന്നെ ഇടപെട്ടാണ് കോൺഗ്രസ് പ്രവർത്തകർ എഴുതിയ ചുവരെഴുത്തുകൾ മായ്പ്പിച്ചത്.
ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെടുകയും വാർത്ത പുറത്തുവരികയും ചെയ്തതിനു പിന്നാലെ എം.പി ഇടപെടുകയായിരുന്നു. പേര് വച്ച് ഒരുതരത്തിലുമുള്ള ചുവരെഴുത്തുകളും പാടില്ലെന്ന് എം.പി നിർദേശം നൽകി.
യുഡിഎഫിന് വേണ്ടി ചുവരെഴുത്തുകൾ നടത്താം, എന്നാൽ പേര് വച്ച് വേണ്ട. പാർട്ടി കേന്ദ്രനേതൃത്വവും യുഡിഎഫുമാണ് സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനമെടുക്കേണ്ടതെന്നും അതിനു മുമ്പ് ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടാണ് എം.പി സ്വീകരിച്ചത്. തുടർന്ന് ചുവരെഴുത്തിൽ നിന്ന് സ്ഥാനാർഥിയുടെ പേരടക്കം മായ്ക്കാൻ നിർദേശം നൽകുകയായിരുന്നു.
തൃശൂർ വെങ്കിടങ്ങിലാണ് ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് ചുവരെഴുത്ത് നടത്തിയത്. 'പ്രതാപൻ തുടരും, പ്രതാപത്തോടെ' എന്ന ക്യാപ്ഷനോടെയാണ് ചുവരെഴുത്തുകൾ പ്രതൃക്ഷപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചുവരെഴുത്ത്. കൈപ്പത്തി ചിഹ്നവും വരച്ചിരുന്നു.
തൃശൂരിലെ നിലവിലെ എം.പിയായ പ്രതാപൻ തന്നെ മണ്ഡലത്തിലെ സ്ഥാനാർഥിയാവാനാണ് സാധ്യത. സുരേഷ് ഗോപിയെ മുൻ നിർത്തി ബി.ജെ.പി പ്രചാരണം ആരംഭിച്ചതോടെ പ്രതാപൻ മണ്ഡലത്തിൽ കൂടുതൽ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത്.
Adjust Story Font
16