'മുടക്കുന്ന മുതല്‍ തിരികെ കിട്ടണം'; കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്ന് ധനമന്ത്രി
'മദ്യനിർമാണശാലയുമായി മുന്നോട്ടുപോവും'

തിരുവനന്തപുരം: കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കിഫ്ബി വഴി മുടക്കുന്നതിന് കുറച്ചെങ്കിലും തിരികെ കിട്ടണമെന്നും റവന്യു തിരികെ വരുന്ന സ്കീമുകള്‍ ഉണ്ടാവുമെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.
'കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികളും ആലോചനയിലുണ്ട്. റോഡിന് ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ല. വിവിധ സേവന നിരക്കുകളിൽ ഇത്തവണത്തെ സംസ്ഥാന ബജറ്റിലും വര്‍ധനവിന് സാധ്യതയുണ്ട്. മദ്യനിർമാണശാലയുമായി മുന്നോട്ടുപോവും. പദ്ധതി വിഹിതം വെട്ടി കുറയ്ക്കല്‍ മാത്രമായിരുന്നില്ല പ്ലാന്‍ ബി. കേന്ദ്ര അവഗണനയ്ക്ക് എതിരായ ജനകീയ പ്രതിരോധവും പ്ലാൻ ബി ആണ്. പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ കുറവ് വന്നിട്ടില്ല.' - ബാലഗോപാൽ പറഞ്ഞു.
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്നും ധനമന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നേരത്തെ പൂര്‍ത്തിയാക്കും. വയനാട് പുനരധിവാസവുമായി മുന്നോട്ടുപോകും. ക്ഷേമ പെന്‍ഷന്‍ കൊടുത്തു തീര്‍ക്കും. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും കെ.എൻ ബാലഗോപാൽ അഭിമുഖത്തിൽ പറഞ്ഞു.
Adjust Story Font
16