യുവം പരാജയം; പ്രധാനമന്ത്രിയുടെ ചടങ്ങിന് ആളെക്കൂട്ടാൻ യുവാക്കളെ പറ്റിച്ച് ചടങ്ങിനെത്തിച്ചെന്ന് യൂത്ത് കോൺഗ്രസ്
ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനസിനെ മർദിച്ച ബി.ജെ.പി ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
കൊച്ചി: പ്രധാനമന്ത്രിയുടെ ചടങ്ങിന് ആളെ കൂട്ടാൻ യുവാക്കളെ പറ്റിക്കുകയാണ് യുവം പരിപാടിയിലൂടെ ബി.ജെ.പി ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ടിറ്റോ ആൻറണി. രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ് യുവാക്കളെയും പ്രസംഗം കേൾക്കാനെത്തിയവരെല്ലാം അണികളാണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയെയും സുരേന്ദ്രനും കൂട്ടരും പറ്റിച്ചു.
ആശയ സംവാദമെന്നും പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാനും നിർദേശങ്ങൾ പറയാനും അവസരമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവാക്കളെ വിളിച്ചുവരുത്തിയത്. ഒരിക്കൽ പോലും ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്ത മോദി കൊച്ചിയിലും ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ചു. അറ്റൻഡൻസ് നിർബന്ധമാണെന്ന് പറഞ്ഞാണ് പല കോളജുകളിൽ നിന്നും വിദ്യാർഥികളെ എത്തിച്ചതെന്നും ടിറ്റോ ആൻ്റണി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ വേദിക്ക് മുന്നിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനസിനെ മർദിച്ച ബി.ജെ.പി ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും ടിറ്റോ ആൻ്റണി ആവശ്യപ്പെട്ടു.
അതേസമയം, യുവം വേദിക്ക് പുറത്ത് പ്രതിഷേധിച്ച അനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈകീട്ട് അഞ്ചരയോടെ പ്രധാനമന്ത്രി യുവം കോൺക്ലേവിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തുന്നതിന് മുന്നോടിയായായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രതിഷേധം.
വേദിക്ക് മുന്നിലേക്ക് ചാടിയിറങ്ങിയ അനസ് കൈയിൽ കരുതിയ യൂത്ത് കോൺഗ്രസ് പതാക വീശി മോദി ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രദേശത്ത് തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ അനീഷിനെ കൈയേറ്റം ചെയ്യുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇടപെട്ട് അനസിനെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡി.സി.സി സെക്രട്ടറി എൻ.ആർ ശ്രീകുമാർ, ഷെബിൻ ജോർജ്, അഷ്‌കർ ബാബു,ബഷീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് വീടുകളിലെത്തി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Adjust Story Font
16