രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; രണ്ട് ജാമ്യാപേക്ഷകൾ കോടതി പരിഗണിക്കും
പ്രതിഷേധം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ തിരുവനന്തപുരത്ത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. സെക്രട്ടറിയേറ്റ്, ഡി.ജി.പി ഓഫീസ് മാർച്ചുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ രാഹുലിന്റെ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പൊലീസ് നടപടിക്കെതിരെ ഇന്ന് വൈകീട്ട് യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ബി.വി ശ്രീനിവാസ് പങ്കെടുക്കുന്ന നൈറ്റ് മാർച്ചും നടക്കും. കഴിഞ്ഞ മാസം യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുലിന്റെ അറസ്റ്റുണ്ടായതും തുടർന്ന് റിമാൻഡിൽ വിട്ടതും. ഈ മാസം 22 വരെയാണ് രാഹുലിന്റെ റിമാൻഡ് കാലാവധി.
ഈ കേസിൽ നൽകിയ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ വിധി വന്നില്ലെങ്കിലോ അപേക്ഷ തള്ളിയാലോ രാഹുലിന് ജയിലിൽ തുടരേണ്ടി വരും. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അതിനിടെയാണ് മൂന്ന് കേസുകളിൽക്കൂടി രാഹുലിന്റെ ഫോർമൽ അറസ്റ്റ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസും മ്യൂസിയം പൊലീസും രേഖപ്പെടുത്തിയത്.
സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽക്കൂടിയും ഡി.ജി.പി ഓഫീസിലേക്ക് നടന്ന മാർച്ചിനെതിരെയെടുത്ത കേസിലുമായിരുന്നു അറസ്റ്റ്. ഇതിൽ സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്നലെത്തന്നെ രാഹുലിന് ജാമ്യം ലഭിച്ചു. ഡി.ജി.പി ഓഫീസ് മാർച്ചിനെതിരെയെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഇന്നത്തേക്ക് മാറ്റിയത്. ഈ ജാമ്യാപേക്ഷ തള്ളിയാലും രാഹുലിന് ജയിലിൽ തുടരേണ്ടി വരും. ഒപ്പം പുതിയ റിമാൻഡ് കാലാവധിയും കോടതി പ്രഖ്യാപിക്കും. ഇതിനിടെ രാഹുലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് യൂത്ത് കോൺഗ്രസ് തീരുമാനം. അതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ബി.വി ശ്രീനിവാസ് ഇന്ന് കേരളത്തിലെത്തുന്നത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ചിൽ ശ്രീനിവാസ് പങ്കെടുക്കും.
Adjust Story Font
16