വനപാലകരുടെ കൈവെട്ടും എന്ന് സിപിഎം നേതാവ്; പത്തനംതിട്ടയിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ച് പ്രതിഷേധം
വനഭൂമിയിൽ കൊടിമരം നാട്ടിയതിൽ വനപാലകർ കേസ് എടുത്തതിനായിരുന്നു ഭീഷണി
പത്തനംതിട്ട: സിപിഎം നേതാവിന്റെ പ്രകോപന പ്രസംഗത്തിന് പിന്നാലെ പത്തനംതിട്ടയിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ച് വനപാലകരുടെ പ്രതിഷേധം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘടന ഡിഎഫ്ഒയ്ക്ക് കത്ത് നൽകി.
വനപാലകരുടെ കൈ വെട്ടിയെടുക്കുമെന്ന് തണ്ണിത്തോട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദിന്റേതായിരുന്നു ഭീഷണി. വനഭൂമിയിൽ കൊടിമരം നാട്ടിയതിൽ വനപാലകർ കേസെടുത്തതായിരുന്നു പ്രകോപനം.
ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും, പോലീസുരക്ഷ ഒരുക്കണമെന്നും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള സ്ഥാപനങ്ങൾ അടച്ചിടണമെന്നും ആവശ്യപ്പെട്ടാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ഡി എഫ്ഒക്ക് കത്ത് നൽകിയത്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിടാനാണ് അസോസിയേഷന്റെ തീരുമാനം.
കൊച്ചുകോയിക്കലിൽ മരം മുറി അന്വേഷിക്കാൻ പോയ വനിത ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും കത്തിൽ പറയുന്നുണ്ട്. വിളക്കുപാറ കുളഞ്ഞുമുക്കിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് വളയമ്പള്ളി അടക്കം ഉള്ള ആളുകൾ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും വനിതാ ജീവനക്കാരിയുടെ കൈപിടിച്ചു തിരിച്ചുവെന്നുമാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ അസഭ്യം വിളിക്കുന്നതും വാക്കത്തി വീശുന്നതും വ്യക്തമാണ്.
Adjust Story Font
16