Quantcast

വടക്കഞ്ചേരി ബസ് അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് ഗുരുതര വീഴ്ചയെന്ന് ഗതാഗതമന്ത്രി

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.

MediaOne Logo

Web Desk

  • Published:

    10 Oct 2022 1:12 PM GMT

വടക്കഞ്ചേരി ബസ് അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് ഗുരുതര വീഴ്ചയെന്ന് ഗതാഗതമന്ത്രി
X

തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന് ഗുരുതര വീഴ്ചയുണ്ടായതായി ഗതാഗതമന്ത്രി ആന്റണി രാജു. ബസിന്റെ സ്പീഡ് ഗവേർണർ എടുത്തുമാറ്റിയിരുന്നു എന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. വാഹനങ്ങളിലെ വേഗപ്പൂട്ടുകളിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സംസ്ഥാന വ്യാപകമായി നിലവിൽ നടക്കുന്ന പരിശോധന തുടരും. സംസ്ഥാനത്തെ 86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസ്സുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും.

ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിനൊപ്പം ട്രെയിനിംഗ് കോഴ്‌സുകളും നടത്തും. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്‌സൈസ് വകുപ്പുമായി ചേർന്ന് പരിശോധന നടത്തും. ഏകീകൃത കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. രൂപമാറ്റം വരുത്തിയാലുള്ള പിഴ ഓരോ രൂപമാറ്റത്തിനും 5000ൽ നിന്ന് 10000 രൂപയാക്കി ഈടാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. നവംബർ ഒന്ന് മുതൽ മറ്റ് സംസ്ഥാന രജിസ്‌ട്രേഷൻ വാഹനങ്ങളും കേരളത്തിൽ നികതിയടക്കണം. എല്ലാ ആഴ്ചകളിലും അവലോകനം നടത്തും. വാഹനങ്ങൾക്ക് അനധികൃതമായി മാറ്റം വരുത്തുന്ന വർക്ക്‌ഷോപ്പ് ഉടമകൾക്കെതിരെ നടപടിയുണ്ടാകും. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയിലേക്ക് പോകുമ്പോൾ വിനോദ സഞ്ചാരത്തെ ബുദ്ധിമുട്ടിക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വാഹന പരിശോധന നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

TAGS :

Next Story