Quantcast

'ഏയ് ബനാനെ ഒരു പൂ തരാമോ’ എന്നെഴുതിയാൾ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് നൂറുവട്ടം തൊഴണം- ടി.പി ശാസ്തമംഗലം

വാഴ,ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലെ പാട്ടുകൾക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 Nov 2024 12:49 PM GMT

ഏയ് ബനാനെ ഒരു പൂ തരാമോ’ എന്നെഴുതിയാൾ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് നൂറുവട്ടം തൊഴണം- ടി.പി ശാസ്തമംഗലം
X

കോഴിക്കോട്: സമകാലികമായി ഇറങ്ങിയ മലയാളസിനിമകളിലെ പാട്ടുകൾക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരനും നിരൂപകനുമായ ടി.പി ശാസ്തമംഗലം. വാഴ,ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളുടെ പാട്ടുകൾക്കെതിരെയാണ് രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.പി.ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് പാട്ടുകേൾക്കുക എന്ന് പറയുന്നത് തന്നെ വലിയ അരോചകമായി മാറിയിരിക്കുന്നു. ഈ അടുത്ത കാലത്ത് ഒരു സിനിമ വന്നു ‘വാഴ’.നിങ്ങൾ കണ്ട് കാണും പുതിയ തലമുറയിൽപെട്ട വാഴ. അതിന്‍റെ പേര് തന്നെ വിചിത്രമാണ് ബയോപിക്ക് ഓഫ് എ ബില്ല്യൻ ബോയ്സ് എന്നാണ് അതിന്റെ പൂർണമായ പേര്. അതായത് ഒന്നും രണ്ട് ബോയ്സിന്‍റെ അല്ല നൂറുകോടി ബോയ്സിന്‍റെ കഥയാണ് ആ സിനിമ. അതിലാരു പാട്ട് ഇതാണ് 'ഏയ് ബനാനെ ഒരു പൂ തരാമോ, ഏയ് ബനാനെ ഒരു കായ് തരാമോ' ഇതിന് ഭാസ്കരൻ മാഷിനെ പോലെ ഒരു കവിയുടെ ആവശ്യമില്ല. ആർക്കും ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാം... വായിൽ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്.. ഇതൊരു പാട്ട്, അതിലെ മറ്റൊരു പാട്ട് ഇതാണ്...' പണ്ടെങ്ങാണ്ടോ... ആരോ വാഴ വെച്ചെ' എന്നാണ് തുടങ്ങുന്നത്.

നിന്നെ ജനിപ്പിച്ച സമയത്ത് വാഴവെച്ചാൽ മതിയായിരുന്നുവെന്ന് അച്ഛൻമാർ ദേഷ്യം വരുമ്പോൾ പണ്ട് പറയുമായിരുന്നു. അതാണിവിടെ ഇപ്പോൾ ഗാനമായിരിക്കുന്നത്. എന്തൊരു വികലമാണെന്ന് നോക്കു. വരികളുടെ ആ വികലമായ ഒരു അവസ്ഥ നോക്കണേ..ഇതാണ് പാട്ട്.

'അല്ലിയാമ്പൽ കടവിലന്ന് അരക്കുവെള്ളം, അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലെ കൊതുമ്പു വള്ളം നമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിൻ വെള്ളം’ - എന്നെഴുതിയ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്ന ആൾക്കാർ നൂറുവട്ടം തൊഴണമെന്നും ടി.പി. ശാസ്തമംഗലം പറഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ ബേസിൽ ജോസഫ്, നിഖിലാ വിമൽ, അനശ്വര രാജൻ എന്നിവരെല്ലാം ഒന്നിച്ചെത്തിയ ഗുരുവായൂരമ്പല നടയിലെ ഗാനങ്ങളെയും ടി.പി ശാസ്തമംഗലം രൂക്ഷമായി വിമർശിക്കുന്നുണ്ട്.

‘വളരെ പോപ്പുലറായ സിനിമയാണ് അത്. അതിലൊരു വിദ്വാൻ എഴുതിയിരിക്കുന്നതിങ്ങനെയാണ് - ‘പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കി കുത്തി പടയ്ക്കു നീ ഇറങ്ങി വന്നാൽ ജയിക്കുമല്ലോ പാവം അർജുനൻ’

എന്താ ഗുരുവായൂരപ്പൻ റൗഡിയാണോ. ഇതിനെതിരെ ഒരാളും ശബ്ദിച്ചില്ലല്ലോ എന്നാണ് ഞാനോർക്കുന്നത്. അടുത്തവരി അതിനേക്കാൾ വികലമാണെന്നും ടിപി ശാസ്തമംഗലം വിമർശിക്കുന്നു.


TAGS :

Next Story