Quantcast

'മുൻപ് ഇതേ ആശയം മുന്നോട്ടുവച്ചപ്പോൾ എന്നെ സി.ഐ.എ ചാരനാക്കി; വിദേശ സര്‍വകലാശാല നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ടി.പി ശ്രീനിവാസന്‍, ചര്‍ച്ചയായി ബജറ്റ് പ്രഖ്യാപനം

കോവളത്ത് ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയപ്പോള്‍ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരുന്ന ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിദേശ നിക്ഷേപത്തിനെതിരെയായിരുന്നു പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2024-02-06 08:38:22.0

Published:

6 Feb 2024 6:54 AM GMT

Former diplomat TP Sreenivasan welcomes the proposal to bring foreign universities to Kerala as the budget sparks new debate, TP Sreenivasan, foreign universities, Kerala budget 2024
X

തിരുവനന്തപുരം: വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് എത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സി.പി.എമ്മും യുവജന സംഘടനകളും ഇതുവരെ പുലര്‍ത്തിയിരുന്ന സമീപനത്തില്‍ നിന്നുള്ള മാറ്റമായി മാറി. മാറ്റം 15 വര്‍ഷം വൈകിയെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍ പ്രതികരിച്ചു. മുൻപ് ഇതേ ആശയം മുന്നോട്ടുവച്ചപ്പോൾ തന്നെ സി.ഐ.എ ചാരനായി മുദ്രകുത്തിയെന്നും ശ്രീനിവാസൻ മീഡിയവണിനോട് പറഞ്ഞു. എന്നാല്‍, വിദേശനിക്ഷേപത്തെ കുറിച്ചു മൂര്‍ത്തമായ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചത്.

കോവളത്ത് ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയപ്പോള്‍ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരുന്ന ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. വിദേശ നിക്ഷേപത്തിനെതിരെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. എന്നാല്‍, ഇന്ന് കാര്യങ്ങള്‍ മാറി, സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനൊപ്പം വിദേശ സര്‍വകലാശാലകളെ കൂടി മനംതുറന്ന് സ്വാഗതം ചെയ്യുന്നതാണ് കെ.എന്‍ ബാലഗോപാലിന്‍റെ ഇത്തവണത്തെ ബജറ്റ്. ഇതിനായി വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കുന്ന നിക്ഷേപക നയത്തിനു രൂപംനല്‍കുമെന്നും ബജറ്റിലുണ്ട്.

വൈകിപ്പോയെങ്കിലും സ്വാഗതം ചെയ്യുന്നുവെന്നാണ് ടി.പി ശ്രീനിവാസന്‍റെ നിലപാട്. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കേരളത്തിൽ വിദേശനിക്ഷേപം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ നയംമാറ്റത്തെ സ്വാഗതം ചെയ്യുന്നു. മുൻപ് ഇതേ ആശയം മുന്നോട്ടുവച്ചപ്പോൾ തന്നെ സി.ഐ.എ ചാരനായി വരെ മുദ്രകുത്തിയെന്നും ടി.പി ശ്രീനിവാസൻ മീഡിയവണിനോട് പറഞ്ഞത്.

സ്വകാര്യ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുമ്പോഴും വിദേശ നിക്ഷേപം അംഗീകരിക്കാനുള്ള പൂര്‍ണ മനസ് ഇപ്പോഴും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിലില്ല. യു.ജി.സി മാര്‍ഗനിര്‍ദേശങ്ങളെ പിന്തുടര്‍ന്നാണ് വിദേശ സര്‍വകലാശാലകളെ എത്തിക്കാനുള്ള നീക്കം. പക്ഷേ ഇതേ യു.ജി.സി മാര്‍ഗനിര്‍ദേശത്തെ 2023 ജനുവരിയില്‍ സി.പി.എം പി.ബി എതിര്‍ത്തിരുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, സി.പി.എം എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖയാണ് ഇക്കാര്യത്തില്‍ മാറ്റം അനുകൂലിക്കുന്നവരുടെ പിടിവള്ളി.

Summary: Former diplomat TP Sreenivasan welcomes the proposal to bring foreign universities to Kerala as the budget sparks new debate

TAGS :

Next Story