താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
ചുരത്തിൽ കുട്ടികളും വയോധികരും അനുഭവിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജു നാഥ് പറഞ്ഞു.
കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗതകുരുക്കിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ചുരത്തിൽ കുട്ടികളും വയോധികരും അനുഭവിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്. ഗതാഗത കുരുക്കിന് പ്രായോഗിക പരിഹാരം കണ്ടേതീരൂവെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജു നാഥ് പറഞ്ഞു. കോഴിക്കോട്, വയനാട് കലക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും കർശനമായി ഇടപെടണമെന്നും കൂടുതലായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
അതേസമയം, താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽ പാതകൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. ബൈപ്പാസും തുരങ്ക പാതയുമുൾപ്പെടെയുള്ള ബദൽ മാർഗങ്ങൾക്കുള്ള നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം. അതേസമയം, ബദൽ റോഡുകൾക്കായി വനംവകുപ്പിന്റെ സഹകരണമുണ്ടാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. വനംവകുപ്പുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ എന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിയതിന് പിന്നാലെയാണ് ബദൽ പാതയെന്ന ആവശ്യം വീണ്ടും സജീവമാകുന്നത്. പൂഴിത്തോട് - പടിഞ്ഞാറത്തറ പാത, ചിപ്ലിത്തോട് മരുതിലാവ് തളിപ്പുഴ ബൈപ്പാസ്, ആനക്കാംപൊയിൽ - കള്ളാടി, മേപ്പാടി തുരങ്കപാത എന്നീ ബദൽ പാതകൾക്കാണ് ആവശ്യമുയരുന്നത്.
Adjust Story Font
16