Quantcast

ജനങ്ങളെ കുത്തിപ്പിഴിയാൻ നടത്തുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവെക്കണം: കെ.സുധാകരൻ

'ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും സർക്കാർ നടത്തുന്നില്ല'

MediaOne Logo

Web Desk

  • Updated:

    2023-04-19 11:34:41.0

Published:

19 April 2023 11:07 AM GMT

ai camera kerala,Traffic reform should be shelved; K. Sudhakaran,726 AI cameras to catch traffic violators in Kerala,ജനങ്ങളെ കുത്തിപ്പിഴിയാൻ നടത്തുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവെക്കണം: കെ.സുധാകരൻ,latest malayalam news
X

തിരുവനന്തപുരം: ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പരിഷ്‌കാരം ജനങ്ങളെ കുത്തിപിഴിയാൻ വേണ്ടി നടപ്പാക്കുന്നതാണ്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും സർക്കാർ നടത്തുന്നില്ല. വണ്ടിയെടുത്ത് പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്‌ക്കേണ്ടി വരും. ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്നും കെ സുധാകരൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

കളമെഴുത്തുപോലെ റോഡുകളിൽ വരച്ചുവച്ചിരിക്കുന്ന കോലങ്ങൾ, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്ക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹനഉടമകളെ കുഴിയിൽച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സർക്കാരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാൻ കോടികൾ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതിലൊരു പങ്ക് ട്രാഫിക് ബോധവത്കരണത്തിനു അടിയന്തരമായി മാറ്റിവയ്ക്കുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടതെന്നു സുധാകരൻ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പ്രവർത്തനനിരതമാകുന്ന 726 അത്യാധുനിക എഐ ക്യാമറകൾ ഉപയോഗിച്ച് ആയിരം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിൽ വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്‌ക്കേണ്ടി വരും. ജനരോഷത്തിനു മുന്നിൽ സർക്കാരിനു തന്നെ പദ്ധതിയിൽനിന്ന് പിന്മാറേണ്ടി വരും. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞു നില്ക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

വേഗപരിധിയുടെ കാര്യത്തിൽ സമ്പൂർണ ആശയക്കുഴപ്പമുണ്ട്. ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ 2018 ലെ വിജ്ഞാപന പ്രകാരം ഒരു നിരക്കും സംസ്ഥാന സർക്കാരിന്റെ 2014 ലെ വിജ്ഞാപന പ്രകാരം മറ്റൊരു നിരക്കുമാണ് നിലവിലുള്ളത്. സംസ്ഥാന സർക്കാരിന്റെ നിരക്ക് കേന്ദ്രത്തിന്റേതിനു തുല്യമാക്കണമെന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ശിപാർശ സർക്കാർ പൂഴ്ത്തിവച്ചിരിക്കുന്നു. ഇത്തരം ആശയക്കുഴപ്പം വ്യാപകമായി നിലനില്ക്കുമ്പോൾ വേഗപരിധി സംബന്ധിച്ച് ആവശ്യത്തിന് സൈൻ ബോർഡുകൾ പോലും ഇല്ലാത്തത് യാത്രക്കാരെ മനഃപൂർവം കുടുക്കാനാണെന്നു സംശയിക്കണം.

നഗരങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കാതെയാണ് ആ വകയിലും സർക്കാർ പിഴയീടാക്കുന്നത്. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റകൃത്യത്തിന് തുടർ യാത്രയിൽ മറ്റൊരു ക്യമാറ രേഖപ്പെടുത്തിയാലും വീണ്ടും പിഴയൊടുക്കേണ്ട സാഹചര്യം വിചിത്രമാണ്. എഐ ക്യാമറകണ്ണുകളിൽനിന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള വിഐപികളെ ഒഴിവാക്കിയതായും കേൾക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഗതാഗത നിയമലംഘകൾ ഇക്കൂട്ടരാണ്. അവരെ ഒരു കാരണവശാലും ഒഴിവാക്കരുത്. റോഡുകളിൽ നെടുകയും കുറുകെയുമുള്ള നിരവധി വരകളുടെ അർത്ഥതലങ്ങൾ എന്താണെന്ന് ആർക്കും അറിയില്ല. ഇത്തരം സാങ്കേതികമായ പിഴവുകൾ തിരുത്തിയ ശേഷം നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരത്തോട് പൂർണയോജിപ്പാണുള്ളതെന്ന് സുധാകരൻ പറഞ്ഞു.

TAGS :

Next Story