സ്വകാര്യബസ് സംഘടനാ ഭാരവാഹികൾ കണ്ടിരുന്നു, സമരം ഉണ്ടാകില്ല: ഗതാഗത മന്ത്രി ആന്റണി രാജു
ബസ് നിരക്ക് വർധിപ്പിക്കുന്നത് വിശദമായ പഠനത്തിനും ചർച്ചക്കും ശേഷം മാത്രം തീരുമാനിക്കുമെന്നും ഉടനടി ചെയ്യാൻ പറ്റില്ലെന്നും മന്ത്രി
സ്വകാര്യബസ് സംഘടനാ ഭാരവാഹികൾ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയിച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു. അവർ സംതൃപ്തരാണെന്ന് അറിയിച്ചുവെന്നും ബസ് വർദ്ധന ഉടൻ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോഴുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. ബസ് നിരക്ക് വർധിപ്പിക്കുന്നത് വിശദമായ പഠനത്തിനും ചർച്ചക്കും ശേഷം മാത്രം തീരുമാനിക്കുമെന്നും ഉടനടി ചെയ്യാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ധനകാര്യ വകുപ്പ് പാസാക്കിയ തുകയിൽ 30 കോടി രൂപയുടെ കുറവ് വന്നുവെന്നും അത് പാസാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പണം നൽകി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയാൽ ഉടൻ ശമ്പള വിതരണം ആരംഭിക്കുമെന്നും ഇപ്പോഴുള്ള സമരം സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി വരുമാനം വർധിക്കുന്നുണ്ടെന്നും ഒരു വിഭാഗം ജീവനക്കാർക്ക് മാത്രം ശമ്പളം നൽകിയത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സാഹചര്യങ്ങൾക്ക് അനുസരിച്ച് സംവിധാനത്തിൽ മാറ്റം വരുത്താൻ മാനേജ്‌മെന്റിനു അധികാരമുണ്ടെന്നും അത് മന്ത്രി അറിയണമെന്നില്ലെന്നും ആൻറണി രാജു പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് 21 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചതായി ബസ് ഉടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്. യാത്ര നിരക്കു വർധനവുമായി ബന്ധപ്പെട്ടു സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി.
Adjust Story Font
16