ഡ്രൈവിങ് സ്‌കൂൾ ഉടമകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി; എല്ലാ സംഘടനകൾക്കും ക്ഷണം
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധത്തിൽ ഇന്നും ടെസ്റ്റുകൾ മുടങ്ങിയിരുന്നു
തിരുവനന്തപുരം:സമരം തുടരുന്ന ഡ്രൈവിംഗ് സ്‌കൂളുകാരെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.വി ഗണേഷ് കുമാർ. നാളെ വൈകുന്നേരം മൂന്നുമണിക്ക് മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ പ്രതിഷേധത്തിൽ ഇന്നും ടെസ്റ്റുകൾ മുടങ്ങിയിരുന്നു.
സംസ്ഥാനത്ത് 13 ദിവസമായി ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. എല്ലാ സംഘടനകളെയും നാളത്തെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിദേശയാത്ര കഴിഞ്ഞ് ഇന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇന്ന് ഗതാഗതമന്ത്രി ഡ്രൈവിംഗ് സ്‌കൂളുകളെ ചർച്ചയ്ക്ക് വിളിച്ചത്. സർക്കുലറിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് വരെയും സമരം തുടരുമെന്നാണ് ഇന്നും സമരക്കാർ അറിയിച്ചിരുന്നത്.
മന്ത്രിയുടെ മൗനാനുവാദത്തോട് കൂടി പല കോർപറേറ്റ് സംഘടനകളും ഡ്രൈവിംഗ് സ്‌കൂൾ മേഖലയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നു എന്ന ഗുരുത ആരോപണവും സമര സംഘടനകൾ ഉയർത്തിയിരുന്നു. ഈ കടന്നുകയറ്റം അനുവദിക്കില്ല എന്നതുൾപ്പടെ നാളെ മന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാനാണ് സംയുക്ത സംഘടനകളുടെ തീരുമാനം.
ഇതിനിടെ തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതിയെ തടഞ്ഞതിൽ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ലഹളയുണ്ടാക്കിയതിനുമാണ് വലിയതുറ പൊലീസ് കേസെടുത്തത്. ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവരെ ഡ്രൈവിംഗ് സ്‌കൂളുകാർ തടയുന്നതിനിടെയായിരുന്നു സംഭവം. ടെസ്റ്റിനെത്തിയവരിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ് വിനോദിന്റെ മകളുമുണ്ടായിരുന്നു. യുവതി എച്ച് ടെസ്റ്റിനെത്തിയപ്പോൾ ഡ്രൈവിംഗ് സ്‌കൂളുകാർ കൂകിവിളിച്ചു. ബഹളത്തിനിടെ യുവതി എച്ച് പരാജയപ്പെട്ടു.
തുടർന്ന് വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകി. കണ്ടാലറിയുന്ന ഒരു കൂട്ടം ആളുകൾക്കെതിരെയാണ് കേസെടുത്തത്. യുവതിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ അനുകൂല നിലപാടുണ്ടാകും വരെ സമരവുമായി മുന്നോട്ടു പോകാനാണ് ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത സമരസമിതിയുടെ തീരുമാനം.
Adjust Story Font
16