ട്രാവല്‍ ഏജന്‍സി വഞ്ചിച്ചു: മാലദ്വീപ് വഴി സൗദിയിലേക്കുള്ള യാത്ര മുടങ്ങി
ഏജൻസി പ്രതിനിധി നേരിട്ടെത്തി ടിക്കറ്റ് കൈമാറാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു
മാലിദ്വീപ് വഴി സൗദി അറേബ്യയിലേക്ക് പോകാനെത്തിയവരുടെ യാത്ര മുടങ്ങി. ടിക്കറ്റ് നല്‍കാമെന്നേറ്റ ഡ്രീം വിംഗ്സ് എന്ന ട്രാവല്‍ ഏജന്‍സി വഞ്ചിച്ചെന്ന് യാത്രക്കാർ പറഞ്ഞു. ഏജൻസി പ്രതിനിധി ടിക്കറ്റ് നേരിട്ടെത്തി കൈമാറാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. പക്ഷേ ടിക്കറ്റ് ലഭിച്ചില്ല.
നെടുമ്പാശ്ശേരിയില്‍ നിന്ന് ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തിന് പോകാനെത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ളവരുള്‍പ്പെടെ 30 പേരുണ്ടായിരുന്നു. വിമാന ടിക്കറ്റടക്കം 1.30 ലക്ഷം രൂപയാണ് ഈടാക്കിയതെന്ന് യാത്രക്കാർ പറയുന്നു.
"രണ്ട് പേര്‍ സഹായിക്കാനുണ്ടാകും, അവര്‍ മാലദ്വീപ് വരെ കൂടെയുണ്ടാകുമെന്നാണ് ട്രാവല്‍ ഏജന്‍സി അറിയിച്ചത്. നമ്പറും തന്നു. ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ല. ട്രാവല്‍ ഏജന്‍സിയിലേക്ക് നിരന്തരം വിളിച്ചപ്പോള്‍ ഉടനെത്തുമെന്ന് പറഞ്ഞു. ഇതുവരെ എത്തിയില്ല. രാവിലെ 10 മണിക്ക് വിമാനത്താവളത്തില്‍ എത്തിയ ഞങ്ങള്‍ ഇവിടെ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. കുട്ടികളും സ്ത്രീകളുമൊക്കെ ഭക്ഷണം പോലും കഴിക്കാതെ ഇനി എന്തുചെയ്യുമെന്നറിയാതെ ഇരിക്കുകയാണ്"- യാത്രക്കാര്‍ പറയുന്നു.
യാത്രക്കാർ നെടുമ്പാശേരി പൊലീസിൽ പരാതി നൽകി. യാത്രക്കാർക്ക് പണം തിരിച്ചുനൽകുമെന്നാണ് ഏജൻസിയുടെ വിശദീകരണം.
Adjust Story Font
16