യാത്ര കൺസെഷൻ വിദ്യാർഥികളുടെ അവകാശം; ഇല്ലാതാക്കാൻ അനുവദിക്കില്ല-ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
യാത്ര കൺസെഷൻ 17 ൽ അവസാനിപ്പിക്കുമ്പോൾ ഫലത്തിൽ വളരെ ചെറിയ ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് കൺസെഷൻ ലഭിക്കുക
വ്യത്യസ്തമായ പരിധികൾ നിശ്ചയിച്ച് വിദ്യാർഥികളുടെ യാത്രാ കൺസെഷൻ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ്. സർക്കാരിന് സമർപ്പിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷന്‍റേതായി പുറത്ത് വരുന്ന നിർദേശങ്ങൾ അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധമാണ്. 17 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ബി.പി.എൽ കാർഡിൽ ഉൾപ്പെടാത്തവർക്കും യാത്ര കൺസെഷൻ നൽകേണ്ടതില്ല എന്നതാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ പ്രധാന നിർദേശങ്ങളിൽ ഒന്ന്. അനുവദിക്കുന്ന യാത്ര കൺസെഷൻ ചാർജ് തന്നെ 5 രൂപയിലേക്ക് ഉയർത്തണം എന്നും രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ട്.
യാത്ര കൺസെഷൻ 17 ൽ അവസാനിപ്പിക്കുമ്പോൾ ഫലത്തിൽ വളരെ ചെറിയ ശതമാനം വിദ്യാർഥികൾക്ക് മാത്രമാണ് കൺസെഷൻ ലഭിക്കുക. പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസിനെ ഉപയോഗപ്പെടുത്തി വിദൂര സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വരുന്നതിൽ പ്രധാനവും ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾ ആയിരിക്കും. സാധാരണ ഗതിയിൽ 17 വയസ്സിൽ താഴെ വരുന്നതിൽ ഹയർസെക്കൻഡറി ഒഴികെ - എൽ.പി, യു.പി, ഹൈസ്‌കൂൾ - വിദ്യാർഥികളിൽ ഭൂരിഭാഗവും അടുത്തുള്ള സ്‌കൂളുകളെയോ സ്‌കൂൾ ബസിനെയോ ആണ് ആശ്രയിക്കാറുള്ളത്. ഫലത്തിൽ വിദ്യാർഥികളിലെ ഭൂരിപക്ഷത്തേയും യാത്ര കൺസെഷനിൽ നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ.
ഈ നിർദേശങ്ങൾ നടപ്പിലായാൽ ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സീറ്റുകളും അനുവദിക്കാത്ത പ്രാദേശങ്ങളിലെ വിദ്യാർത്ഥികളോട് സർക്കാർ സ്വീകരിക്കുന്ന മറ്റൊരു അനീതി കൂടിയായിരിക്കും ഇത്. വിദൂര സ്ഥലങ്ങളിൽ സഞ്ചരിച്ച് റഗുലർ വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളിൽ പലരും ഈ പുതിയ നിരക്ക് വർധനവ് താങ്ങാൻ സാധിക്കുന്നവരായി കൊള്ളണമെന്നില്ല. ഫലത്തിൽ വിദ്യാഭ്യാസ വിഭവങ്ങൾ ലഭിക്കാത്ത പ്രദേശങ്ങളിലെ നിർധനരായ വിദ്യാർത്ഥികളെ റെഗുലർ വിദ്യാഭ്യാസത്തിന് പുറത്താക്കുന്ന നടപടിയായി ഇത് മാറും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ GER ഉയർത്തുന്നതിനെ പറ്റി നിരന്തരം സംസാരിക്കുന്ന സർക്കാർ യാത്രാ കൺസെഷൻ വർധിപ്പിച്ചും ഭൂരിപക്ഷം വിദ്യാർഥികൾക്കും യാത്രാ കൺസെഷൻ ഇല്ലാതാക്കിയും എങ്ങനെയാണ് ജി.ഇ.ആർ ഉയർത്താൻ സാധിക്കുക എന്നു സർക്കാർ വ്യക്തമാക്കണം.യാത്രാ കൺസെഷൻ എന്നത് വിദ്യാർഥികളുടെ അവകാശമാണ്. ഓരോ വിദ്യാർഥി-വിദ്യാഭ്യാസ അവകാശങ്ങളും നേടിയെടുത്തത് ഭരണകൂടങ്ങളുടെ ഔദാര്യമോ സമ്മാനമോ ആയിട്ടല്ല, തീക്ഷ്ണമായ പോരാട്ടങ്ങളിലൂടെയാണ് എന്ന് ഇടത് സർക്കാരും സർക്കാരിന് സമർപ്പിക്കുന്ന കമ്മീഷൻ തയ്യാറാക്കുന്നവർ തിരിച്ചറിയണം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ അടിമുടി ജനവിരുദ്ധമാണ്. യാതൊരു മാനദണ്ഡവുമില്ലാതെ ബസ് ചാർജിന്‍റെ വർധനവിനാണ് കമ്മീഷൻ നിർദേശങ്ങൾ. വ്യത്യസ്തമായ പരിധികൾ നിശ്ചയിച്ചും യാത്ര കൺസെഷൻ വർധിപ്പിച്ചും യാത്രാ കൺസെഷൻ തന്നെ ഇല്ലാതാക്കാനുള്ള നടപടികൾക്ക് എതിരെയും ജനവിരുദ്ധത കുത്തിനിറച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു വിദ്യാർഥികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നേതൃത്വം നൽകും.
സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ.കെ അഷ്റഫ്, കെ.എം ഷെഫ്റിൻ, ഫസ്ന മിയാൻ, മഹേഷ് തോന്നക്കൽ, സനൽ കുമാർ, ലത്തീഫ് പി എച്ച്, അമീൻ റിയാസ്, ഫാത്തിമ നൗറിൻ, ശഹിൻ ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.
Adjust Story Font
16