പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ; കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ
റോഷ്‌നി ക്ലിനിക് എന്ന പേരിൽ വ്യാജ ചികിത്സ നടത്തിയ അസം സ്വദേശിയാണ് പിടിയിലായത്
കുന്നംകുളം: പാറേമ്പാടത്ത് പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തിയ വ്യാജ ഡോക്ടറെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പാറേമ്പാടത്ത് വാടകവീട്ടിൽ വ്യാജ ചികിത്സ നടത്തിവന്ന അസം സ്വദേശി പ്രകാശ് മണ്ടൽ (53) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്നംകുളം മേഖലയിൽ പൈൽസിനും ഫിസ്റ്റുലയ്ക്കും വ്യാജ ചികിത്സ നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. റോഷ്‌നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്.
പരാതിയെ തുടർന്ന് ക്ലിനിക്കിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരവധി രേഖകളും ചികിത്സയ്ക്കായി ഉപയോഗിച്ച വസ്തുക്കളും പിടികൂടി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത്,സിവിൽ പൊലീസ് ഓഫീസർമാരായ ജോസ് ചാൾസ്, ആശംസ് അഞ്ജലി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Adjust Story Font
16