തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു: എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ ഇന്നുമുതൽ പ്രചാരണ രംഗത്ത് സജീവമാകും.
എറണാകുളം: തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു.എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ ഇന്നുമുതൽ പ്രചാരണ രംഗത്ത് സജീവമാകും.
രാവിലെ 11 മണിക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫ് നാമനിർദ്ദേശപത്രിക സമർപ്പിക്കുക. മന്ത്രി പി രാജീവ്, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ , മുൻ എം.എൽ.എ, എം സ്വരാജ്, തുടങ്ങിയ ജില്ലയിലെ പ്രമുഖ നേതാക്കൾ പത്രികാ സമർപ്പണത്തിന് എത്തും. കലക്ടറേറ്റിൽ നിന്ന് പ്രകടനമായി എത്തിയാണ് മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് നാമനിർദ്ദേശപത്രിക നൽകുക. അതിനുശേഷമാണ് ഇടതു സ്ഥാനാർഥിയുടെ പ്രചാരണ പരിപാടികൾ.
യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് 12 മണിയോടെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ കലക്ടറേറ്റിൽ എത്തുക. കാക്കനാട് കോൺഗ്രസ് ഓഫീസിൽ നിന്നും വിവിധ യു.ഡി.എഫ് നേതാക്കൾക്കൊപ്പം എത്തിയാണ് പത്രിക നൽകുക. വൈകിട്ട് മൂന്നു മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന കൺവെൻഷൻ ആണ് യു ഡി എഫ് സ്ഥാനാർഥിയുടെ ഇന്നത്തെ പ്രധാന പരിപാടി. കൺവെൻഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ, രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും.
ബി.ജെ.പി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ ഇന്നലെ ചെറിയതോതിൽ പ്രചാരണം ആരംഭിച്ചെങ്കിലും ഇന്ന് മുതലാണ് കൂടുതൽ സജീവമാകുന്നത്. രാവിലെ ആറരയ്ക്ക് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. തുടർന്ന് പൗര പ്രമുഖരുടെ വീടുകൾ സന്ദർശിക്കും. അടുത്ത ദിവസം തന്നെ ബി.ജെ.പി സ്ഥാനാർത്ഥിയും നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
Summary-Thrikkakara Bypoll Updates
Adjust Story Font
16