Quantcast

ആദ്യ 'ടെസ്റ്റില്‍' തോറ്റു; ആഘാതം പിണറായിക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയത്

MediaOne Logo

Web Desk

  • Updated:

    2022-06-03 08:03:08.0

Published:

3 Jun 2022 7:09 AM GMT

ആദ്യ ടെസ്റ്റില്‍ തോറ്റു; ആഘാതം പിണറായിക്ക്
X

'വ്യാജവാർത്തകളും വാക്കുകൾ വളച്ചൊടിക്കലും കൊണ്ട് തകർന്നുപോകുന്ന ഒന്നല്ല ഇടതുപക്ഷം. നിങ്ങളുടെ (മാധ്യമങ്ങളുടെ) എല്ലാ പ്രചാരണങ്ങളെയും അതിജീവിച്ചാണ് കേരളം 99 സീറ്റ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയത്. ഇത്തവണ അതു നൂറാക്കുന്നു എന്നു മാത്രം'

(തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് )

ഒരു വർഷം പ്രായമായ രണ്ടാം പിണറായി സർക്കാറിന്റെ വിലയിരുത്തലാകുമെന്ന് പ്രതീക്ഷിച്ച തൃക്കാക്കരയിൽ എൽഡിഎഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടി. അതിന്റെ ഏറ്റവും വലിയ ആഘാതമേൽക്കുന്നത് 'ക്യാപ്റ്റനായ' മുഖ്യമന്ത്രി പിണറായി വിജയനും. 99 സീറ്റിൽ നിന്ന് മാന്ത്രിക സംഖ്യയായ നൂറിലേക്കെത്താനുള്ള തൃക്കാക്കരയിലെ അവസരത്തെ എല്ലാ നിലയ്ക്കുമുള്ള ആളും അര്‍ത്ഥവും ഉപയോഗിച്ചാണ് സിപിഎം നേരിട്ടത്.

യുഎസിൽ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയത്. സെക്രട്ടേറിയറ്റ് തന്നെ തൽക്കാലം തൃക്കാക്കരയിലേക്ക് മാറുന്ന സാഹചര്യമുണ്ടായി. മുഖ്യമന്ത്രി മാത്രമല്ല, എല്ലാ മന്ത്രിമാരും സംസ്ഥാനത്തുടനീളമുള്ള ഇടതു മുന്നണി എംഎൽഎമാരും ഈ കൊച്ചു മണ്ഡലത്തിലുണ്ടായിരുന്നു.

കൃത്യമായ പഠനം നടത്തിയായിരുന്നു മന്ത്രിമാരുടെ പ്രചാരണം. സമുദായം നോക്കിയുള്ള വീടുകയറിയിറങ്ങലായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. എന്നാൽ ഇതൊന്നും മണ്ഡലത്തിൽ ഏശിയില്ലെന്ന് തെളിയിക്കുന്നതാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം.

ജയിച്ചാൽ മുഖ്യമന്ത്രിക്ക് പൊൻതൂവലാകുമായിരുന്ന തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത് എന്ന് നിസ്സംശയം പറയാം. ഭരണസംവിധാനങ്ങള്‍ മുഴുവന്‍ ചലിപ്പിച്ച് സിപിഎം അതിന് ആവതു ശ്രമിക്കുകയും ചെയ്തു. കെ റെയിലിലൂടെ വികസനവും പി.സി ജോര്‍ജിലൂടെ വര്‍ഗീയതയും മണ്ഡലത്തില്‍ ചര്‍ച്ചയായി. വിദ്വേഷം പ്രസംഗിച്ച പി.സി ജോർജിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ജനത്തിന്റെ വിശ്വാസം നേടിയില്ല എന്നതും ഫലം തെളിയിക്കുന്നു.

വിജയം നേടിയിരുന്നെങ്കിൽ സര്‍ക്കാറിന്‍റെ ഫ്ളാഗ് ഷിപ്പ് പദ്ധതിയായ സിൽവർ ലൈൻ കരുത്തോടെ മുമ്പോട്ടു കൊണ്ടു പോകാന്‍ പിണറായി വിജയന് ഊർജം കിട്ടിയേനെ. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മാത്രമാണ് ചർച്ച ചെയ്യപ്പെട്ടത് എങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം ആദ്യമായെത്തിയ ഉപതെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയിലേത്.

പരമ്പരാഗതമായി യുഡിഎഫിന്റെ ശക്തികേന്ദ്രമായ തൃക്കാക്കരയിൽ ഒരു മത്സരം നടക്കുന്നു എന്ന പ്രതീതി ഉയർത്താൻ മാത്രമാണ് എൽഡിഎഫിനായത്. 2011ൽ മണ്ഡലം രൂപീകരിച്ചതു മുതൽ കോൺഗ്രസിനൊപ്പം നിന്ന ചരിത്രമാണ് തൃക്കാക്കരയുടേത്. ബെന്നി ബഹനാൻ ആണ് ആദ്യത്തെ എംഎൽഎ. 22000ലധികം വോട്ടിനാണ് ബെന്നി ജയിച്ചു കയറിയത്. 2016ൽ ബെന്നി ബഹനാനു പകരം പി.ടി തോമസ് വന്നു. പതിനായിരം വോട്ട് ഭൂരിപക്ഷം കുറഞ്ഞെങ്കിലും മണ്ഡലം കോൺഗ്രസിനെ കൈവിട്ടില്ല. രണ്ടാമൂഴത്തിൽ തോമസ് ഭൂരിപക്ഷം വർധിപ്പിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മേൽക്കൈ മുവ്വായിരം വോട്ടിൽ താഴെയായിരുന്നു. അതിലായിരുന്നു എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷ മുഴുവൻ കടലിലെറിയുന്നതായി ഉമയുടെ വിജയം.

TAGS :

Next Story