കേരളത്തിൽ തൃണമൂൽ കോൺഗ്രസ് അംഗത്വ ക്യാമ്പയിന് തുടക്കം; പ്രവർത്തനങ്ങൾക്ക് 12 അംഗ കമ്മിറ്റി
മാർച്ച് ഒന്ന് മുതലുള്ള മൂന്ന് മാസക്കാലയളവില്‍ 25,000 പേരെ പ്രവർത്തകരായി ചേർക്കുകയാണ് ലക്ഷ്യം

കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളായ ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും നടത്തിയ കേരള സന്ദർശനത്തിന് പിറകെ സംസ്ഥാനത്ത് അംഗത്വ കാമ്പയിന് തുടക്കമായി.
വ്യവസ്ഥാപിതമായ സംഘടനാ സംവിധാനത്തോടെ മാത്രം പ്രവർത്തിച്ചാല്‍ മതിയെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിർദേശം. മഞ്ചേരിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ മെംബർഷിപ്പ് പ്രവർത്തനങ്ങള്‍ക്കായി 12 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. മാർച്ച് ഒന്ന് മുതലുള്ള മൂന്ന് മാസക്കാലയളവില്‍ 25,000 പേരെ പ്രവർത്തകരായി ചേർക്കുകയാണ് ലക്ഷ്യം.
'കേരളം കാതോർക്കുന്നു' എന്ന തലക്കെട്ടില്‍ മലയാളത്തില്‍ വെബ്സൈറ്റ് പ്രവർത്തനം തുടങ്ങി. വെബ്സൈറ്റ് വഴി മെംബർഷിപ്പ് എടുക്കാം. ഇവരെ വീടുകളില്‍ നേരിട്ടെത്തി പാർട്ടിയിലേക്ക് സ്വീകരിക്കാനാണ് തീരുമാനം. മെംബർഷിപ്പ്, ഡാറ്റ ശേഖരണം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഐ പാക്കിന്‍റെ എട്ടംഗ സംഘം കേരളത്തില്‍ തുടരുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഞ്ചേരിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ നിന്നും
140 മണ്ഡലങ്ങളില്‍ നിന്നായി 1100 പേരാണ് മഞ്ചേരിയില്‍ ചേർന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്. ഡെറിക് ഒബ്രിയാന്‍റെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്രതിനിധികളെ ജില്ല തിരിച്ച് വിളിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ ഡെറിക് നിർദേശിച്ചു. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കണമെന്നും നേതൃത്വത്തെ തീരുമാനിക്കാന്‍ പ്രവർത്തകർക്ക് അവകാശം നല്‍കണമെന്നും ഡെറിക് നിർദേശിച്ചു. 40 ശതമാനം വനിതകള്‍ നേതൃത്വത്തില്‍ വേണമെന്ന നിർദേശവും സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നല്‍കി.
അതേസമയം പാണക്കാട് സാദിഖലി തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡെറിക് ഒബ്രിയനും മഹുവ മൊയ്ത്രയും ഊന്നിയത് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മതേതരത്വ പ്രതിബദ്ധതയിലാണ്. വഖഫ് നിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്നും പാർലമെന്റിലും ജോയിന്‍റ് പാർലമെന്ററി കമ്മിറ്റിയിലും തൃണമൂല്‍ ശക്തമായ പോരാട്ടം നടത്തിയെന്നും ഡെറിക് തങ്ങളെ അറിയിച്ചു.
ജെപിസിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായി പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്തില്ലെന്നും ഡെറിക് തങ്ങളുമായുള്ള ചർച്ചക്കിടെ വിശദീകരിച്ചു.
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലുമായുള്ള കൂടിക്കാഴ്ചയിലും ഡെറിക് ഒബ്രിയന്‍ വിശദമായ ചർച്ച നടത്തി. സംഘ്പരിവാറില്‍ നിന്നും ബിജെപിയില്‍ നിന്നും എന്ത് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് സഭ അടുപ്പം കാണിക്കുന്നതെന്ന് ഡെറിക് പറഞ്ഞു. ബിജെപിയോട് സഭ കാണിക്കുന്ന അടുപ്പം അപകടകരമായ പ്രതിഫലനമുണ്ടാക്കുമെന്നും ഡെറിക് ഒബ്രിയാന്‍ താമരശ്ശേരി ബിഷപ്പിന് മുന്നറിയിപ്പ് നല്‍കി.
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലുമായുള്ള കൂടിക്കാഴ്ച
കേരള സന്ദർശനത്തില്‍ തൃപ്തി പ്രകടിപ്പിച്ച ഡെറികും മഹുവയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് മടങ്ങിയത്. യൂസുഫ് പത്താന്‍ എം.പിയെ പങ്കെടുപ്പിച്ച് മാർച്ചില്‍ കോഴിക്കോട് ഇഫ്താർ നടത്താന്‍ സംസ്ഥാന നേതൃത്വം പദ്ധതിയിടുന്നുണ്ട്. തൃണമൂല്‍ നേതാക്കളുടെ നിരന്തര സന്ദർശനം വേണമെന്ന ആവശ്യവും പി.വി അന്‍വർ മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം 27ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ തൃണമൂലുമായി സഹകരിക്കുന്ന കാര്യത്തില്‍ ചർച്ച നടക്കുമെന്ന പ്രതീക്ഷ പി.വി അന്‍വറിനുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിടയുള്ളതിനാല്‍ യുഡിഎഫ് തീരുമാനം വൈകാന്‍ സാധ്യത കുറവാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടുള്ള ഡാറ്റ ശേഖരണവും മറ്റും തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16