തൃപ്പൂണിത്തുറ സ്‌ഫോടനം: പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം
പുതിയകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടകവസ്തുക്കൾ തിങ്കളാഴ്ചയാണ് പൊട്ടിത്തെറിച്ചത്
കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുളളവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുളള കരാറുകാരൻ ആദർശ്, കൊല്ലം സ്വദേശികളായ ആനന്ദൻ, അനിൽ എന്നിവരാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. പരിക്കേറ്റ മധു എന്നയാളെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. പുതിയകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്‌ഫോടകവസ്തുക്കൾ തിങ്കളാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ മൂന്നുപേർ മരിച്ചിരുന്നു. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവത്തിൽ ക്ഷേത്രഭാരവാഹികളെയടക്കം പ്രതിചേർത്ത് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പുതിയകാവ് ദേവസ്വം പ്രസിഡന്റ് ഉൾപ്പെടെ ക്ഷേത്രം ഭാരവാഹികളായ മൂന്ന് പേർ കേസിലെ പ്രതികളാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഉത്സവ കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പരിക്കേറ്റ് ചികിത്സയിലുളള കരാറുകാരൻ ആദർശിനെതിരെയും കേസുണ്ട്.
അതേസമയം, അപകടത്തിൽ തകർന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതിനായി വിവിധ റെസിഡൻസ് അസോസിയേഷനുകൾ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
സ്‌ഫോടനത്തിന് പിന്നാലെ ജില്ലയിലെ പടക്കനിർമാണശാലകൾ, ഫാക്ടറികൾ, മറ്റ് വ്യവസായശാലകൾ, മാലിന്യസംസ്‌കരണകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഫയർ ഓഡിറ്റിങ്ങും മറ്റ് പരിശോധനകളും നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.
Adjust Story Font
16