Quantcast

"കമ്യൂണിസ്റ്റിന് നഷ്ടം, കോൺഗ്രസിന് നേട്ടം; ത്രിപുരയിലെ ഐക്യം പരാജയമായിരുന്നു": വെള്ളാപ്പള്ളി

കേരളത്തിൽ കമ്യൂണിസ്റ്റ്- കോൺഗ്രസ് ഐക്യത്തിനുള്ള ഒരു സാധ്യതയുമില്ലെന്ന കാര്യം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    4 March 2023 1:50 PM GMT

vellappally nateshan_tripura election
X

ആലപ്പുഴ: ത്രിപുരയിലേത് പോലെ കോൺഗ്രസ്- കമ്യൂണിസ്റ്റ് സഖ്യം കേരളത്തിൽ ഒരിക്കലും സംഭവിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ത്രിപുരയിലെ ഐക്യം പരാജയമായിരുന്നു എന്ന് അനുഭവം കൊണ്ട് ഇരുകൂട്ടരും മനസിലാക്കി. തെരഞ്ഞെടുപ്പ് ഫലത്തിൽ അത് വ്യക്തവുമാണ്.

കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും തമ്മിൽ യോജിക്കുക എന്നൊരു ആശയം പണ്ടുതൊട്ടേ ഉണ്ടെങ്കിലും ആദ്യമായി പരീക്ഷിച്ചത് ത്രിപുരയിലാണ്. ആ പരീക്ഷണത്തിൽ കഷ്ടം വന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാണ്. കോൺഗ്രസിന് ചെറിയ നേട്ടവുമുണ്ടായി. ഇങ്ങനെ നഷ്ടം വരുത്തിക്കൊണ്ടുള്ള ഒരു ഐക്യത്തിന് കമ്യൂണിസ്റ്റ് പാർട്ടി തയ്യാറാകുമെന്ന് തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ഇന്ത്യയിൽ ഇനി ഇങ്ങനെയൊരു ഐക്യം എവിടെയും ഉണ്ടാകാൻ സാധ്യതയില്ല. കേരളത്തിൽ കമ്യൂണിസ്റ്റ്- കോൺഗ്രസ് ഐക്യത്തിനുള്ള ഒരു സാധ്യതയുമില്ലെന്ന കാര്യം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. രണ്ടുകൂട്ടരും അവരുടെ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ട് പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. രാഷ്ട്രീയ കൂട്ടുകെട്ടുകളൊക്കെ ഒരുപാട് കണ്ടതാണ്, ബാക്കിയൊക്കെ കാത്തിരുന്നു കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു വെള്ളാപ്പള്ളി.

അതേസമയം, ത്രിപുരയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും സിപിഎമ്മിന് കാര്യമായ നേട്ടമൊന്നും ഉണ്ടായിരുന്നില്ല. 2018നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം കുറഞ്ഞതിനൊപ്പം വന്‍ വോട്ടുചോര്‍ച്ചയും സി.പി.എം നേരിട്ടു. 2018ല്‍ സി.പി.എമ്മിന് അധികാരം നഷ്ടമായിരുന്നെങ്കിലും ബി.ജെ.പിയുമായി വോട്ടിലെ വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു.

ബി.ജെ.പി 43.59 ശതമാനം വോട്ടും സി.പി.എം 42.22 ശതമാനം വോട്ടുകളും നേടി. ബി.ജെ.പി 36 സീറ്റില്‍ വിജയിച്ചപ്പോള്‍ സി.പി.എം 16 സീറ്റിലാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ സി.പി.എമ്മിന്‍റെ സീറ്റുകളുടെ എണ്ണം 11 ആയി കുറയുകയാണുണ്ടായത്.

സി.പി.എമ്മിനൊപ്പം സഖ്യം ചേര്‍ന്നു മത്സരിച്ച കോണ്‍ഗ്രസിന് മൂന്ന് സീറ്റില്‍ വിജയിക്കാനായി. കഴിഞ്ഞ തവണ ഒരു സീറ്റിലും ജയിക്കാന്‍ കഴിയാതിരുന്ന, പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ ഒരു സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതു നേട്ടമാണ്. അതായത് ഇത്തവണ സി.പി.എം - കോണ്‍ഗ്രസ് സഖ്യം ജയിച്ചത് 14 സീറ്റുകളിലാണ്. എന്നാല്‍ സി.പി.എം - കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ 34.36 ശതമാനം വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ

TAGS :

Next Story