'കെ മുരളീധരനെതിരെ കേസെടുക്കണം': ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി
മേയര്‍ ആര്യാ രാജേന്ദ്രനെ കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമാണ് മുരളീധരന്‍ അധിക്ഷേപിച്ചത്
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ മുരളീധരന്‍ എംപിക്കെതിരെ പൊലീസിൽ പരാതി നൽകി. അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കും.
നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. നിലവിലെ പരാതിയിലെ പൊലീസ് നടപടികൾ നോക്കട്ടെ. തുടർനടപടികൾ അതിന് ശേഷം തീരുമാനിക്കും. സ്ത്രീകളെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം. അതിനെ നേരിടും. മുരളീധരന്‍റെ സംസ്കാരമേ അദ്ദേഹം കാണിക്കൂ. തന്‍റെ പക്വത അളക്കാന്‍ ആരെയും നിശ്ചയിച്ചിട്ടില്ലെന്നും മേയര്‍ വ്യക്തമാക്കി.
മേയര്‍ ആര്യാ രാജേന്ദ്രനെ കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമാണ് മുരളീധരന്‍ അധിക്ഷേപിച്ചത്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി 'കനകസിംഹാസനത്തിൽ...' എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിന്‍റെ സമരത്തിലായിരുന്നു മുരളീധരന്‍റെ ഈ പരാമര്‍ശം.
കെ മുരളീധരന്‍ എംപിയുടെ വാക്കുകള്‍
കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വായില്‍ നിന്നും വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്ന് ഓര്‍മിപ്പിക്കുകയാണ്. ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരയിലാണ് അവരിപ്പോള്‍ ഇരിക്കുന്നത്. കേരളത്തില്‍ അറിയപ്പെട്ട നിര്‍മാതാവും സംവിധായകനുമായ പി സുബ്രഹ്മണ്യം, എം.പി. പത്മനാഭന്‍ എന്നിവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്.
കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്‍റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്.
Adjust Story Font
16