പവറുണ്ടോ പൊതുജനമേ ഇതൊക്കെ തടയാന്‍; സത്യപ്രതിജ്ഞക്ക് പൊങ്കാലയിട്ട് ട്രോളന്മാര്‍
ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. മെയ് 20 വൈകീട്ട് 3:30ന് തിരുവനന്തപുരത്ത് വച്ചാണ് ചടങ്ങ് നടക്കുക. നിലവില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന ചടങ്ങില്‍ 500 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എല്‍.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. എല്‍.ഡി.എഫിന്‍റെ ഈ തീരുമാനത്തെ സോഷ്യല്‍ മീഡിയ അടിമുടി ട്രോളുകയാണ്.
വീട്ടിലിരുന്ന ഭക്ഷണം കഴിക്കുമ്പോള്‍ പോലും അകലം പാലിക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി 500 പേരുടെ സത്യപ്രതിജ്ഞ ചടങ്ങ് വിളിച്ചു ചേര്‍ക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ് എന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ചോദ്യം. കെ.ആര്‍ ഗൌരിയമ്മയുടെ മരണാനന്തര ചടങ്ങിലെ ആളുകളുടെ പങ്കാളിത്തവും വിമര്‍ശിക്കപ്പെട്ടിരുന്നു. കല്യാണത്തിന് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ സാധിക്കൂ എന്നിരിക്കെ, കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ സത്യപ്രതിജ്ഞയെന്ന് കുറിയില്‍ എഴുതുകയും സത്യപ്രതിജ്ഞ ആവുമ്പോള്‍ 500 പേരെ വിളിക്കാമല്ലോ എന്ന ചോദ്യം ഉന്നയിക്കുന്ന ട്രോളാണ് ഏറ്റവും ട്രെന്‍റിങ്. ഏതായാലും സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കും എന്ന വാര്‍ത്ത ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
Adjust Story Font
16