ചിറ്റൂരിൽ അച്ഛനെയും മകനെയും റോഡിൽ വലിച്ചിഴച്ച കേസില്‍ ട്വിസ്റ്റ്; നുണപ്രചാരണമാണ് നടക്കുന്നതെന്ന് കാറിലുണ്ടായവർ
കാറിൽ നിന്നുള്ള ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു
കൊച്ചി: എറണാകുളം ചിറ്റൂരിൽ അച്ഛനെയും മകനെയും റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ നടക്കുന്നത് നുണപ്രചാരണമെന്ന് കാറിലുണ്ടായിരുന്നവര്‍. ബൈക്ക് നമ്പർ നോട്ട് ചെയ്യാനാണ് പിന്തുടർന്നെത്തിയതാണ് കാർ യാത്രക്കാർ പറയുന്നത്.അക്ഷയും പിതാവുമാണ് തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു. കാറിൽ നിന്നുള്ള ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ഞായറാഴ്ച രാത്രിയാണ് സൗത്ത് ചിറ്റൂരിൽ റോഡിലെ ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിന് യുവാവിന് കാർ യാത്രികരുടെ ക്രൂരമർദനമേറ്റെന്ന പരാതി ഉയര്‍ന്നത്. കാറിൽ ഒരു കിലോമീറ്ററോളം യുവാവിനെയും പിതാവിനെയും റോഡിലൂടെ വലിച്ചുകൊണ്ടുപോയതായും ഇവര്‍ ആരോപിച്ചു. അക്ഷയ് എന്ന യുവാവിനാണ് മർദനമേറ്റത്. ഇയാൾ ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ ഇയാളെ കൂട്ടാനായി സഹോദരിയും എത്തിയിരുന്നു. അമിതവേഗതയിലെത്തിയ കാർ ഇവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് അക്ഷയ് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
എന്നാല്‍ ഇവരുടെ ബൈക്കിന്‍റെ നമ്പർ കണ്ടെത്തി പൊലീസിൽ പരാതി നൽകാനാണ് പിന്തുടര്‍ന്ന് പോയതെന്നാണ് കാറിലുള്ളവര്‍ പറയുന്നത്. അക്ഷയും പിതാവും മർദിച്ചപ്പോൾ രക്ഷപ്പെടുന്നതിനിടെയാണ് വലിച്ചിഴച്ച് കൊണ്ടുപോയതെന്നും കാറിലുള്ളവർ പറയുന്നു. നാട്ടുകാരും പിടിച്ചുനിർത്തി മർദിച്ചെന്നും കാര്‍ യാത്രക്കാര്‍ പറയുന്നു. ഇവരുടെ പരാതിയിൽ അക്ഷയ്,പിതാവ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുകൂട്ടരെയും ഇന്ന് ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
Adjust Story Font
16