കണ്‍മുന്നില്‍ റിസ്വാന്‍ ഷോക്കേറ്റ് പിടഞ്ഞു, വടി കൊണ്ടടിച്ചിട്ടും വേര്‍പെടാതായപ്പോള്‍ കൈകൊണ്ട് പിടിച്ചുമാറ്റാന്‍ അര്‍ജുന്‍റെ ശ്രമം... ചെന്നെത്തിയത് മരണത്തിലേക്ക്
കാല്‍ വഴുതി പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ അറിയാതെ പിടിച്ചപ്പോഴാണ് റിസ്വാന് ഷോക്കേറ്റത്
നാടിനെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി കൊല്ലത്തെ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ സുഹൃത്തുക്കളുടെ വേര്‍പാട്. ആറ്റിലിറങ്ങവേ കാല്‍ വഴുതി പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ അറിയാതെ പിടിച്ചപ്പോഴാണ് റിസ്വാന് ഷോക്കേറ്റത്. ഷോക്കേറ്റ സുഹൃത്തിനെ മരണത്തിനു വിട്ടുകൊടുക്കാതെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിനിടെയാണ് അര്‍ജുന്‍റെ ജീവന്‍ പൊലിഞ്ഞത്.
നെടുമൺകാവ് വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റിലേക്കാണ് ശനിയാഴ്ച വൈകീട്ട് അഞ്ചു പേരടങ്ങിയ സംഘം എത്തിയത്. ആറ്റിൽ വെള്ളം കൂടുതലാണെന്നും സൂക്ഷിക്കണമെന്നും നാട്ടുകാര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. കൽച്ചിറ പള്ളിക്ക് പിറകുവശത്തെ പടവുകളിലൂടെ ഇറങ്ങിയ യുവാക്കൾ ജലനിരപ്പ് കൂടുതലാണെന്ന് കണ്ട് തിരികെ കയറി. പിറകിലായി വന്ന റിസ്വാന്‍ കാൽവഴുതിയപ്പോൾ പൊട്ടിവീണ വൈദ്യുതി ലൈനിൽ അറിയാതെ പിടിക്കുകയായിരുന്നു. റിസ്വാന്‍ ഷോക്കേറ്റ് പിടയുന്നതുകണ്ട് അർജുൻ സമീപത്തുനിന്ന് വടി ഒടിച്ചുകൊണ്ടുവന്ന് സുഹൃത്തിനെ വേര്‍പെടുത്താന്‍ നോക്കി. കഴിഞ്ഞില്ല. തുടർന്ന് സ്വന്തം ജീവനെ കുറിച്ചുപോലും ചിന്തിക്കാതെ കൈകൊണ്ട് റിസ്വാനെ പിടിച്ചുമാറ്റാന്‍ അര്‍ജുന്‍ ശ്രമിച്ചു. ഷേക്കേല്‍ക്കുമെന്ന് അറിഞ്ഞിട്ടും അര്‍ജുന്‍ അങ്ങനെ ചെയ്തത് സുഹൃത്തിനെ മരണത്തിനു വിട്ടുനല്‍കി നിസ്സഹായനായി നോക്കിനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാവാം.
വിദ്യാര്‍ഥികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാർ കെ.എസ്.ഇ.ബി ഓഫിസിൽ വിളിച്ചുപറഞ്ഞാണ് വൈദ്യുതി വിച്ഛേദിച്ചത്. റിസ്വാന്‍റെയും അര്‍ജുന്‍റെയും മൃതദേഹം ഉടന്‍ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് ഇരുവരും. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയാണ് റിസ്വാന്‍. കബീർ-റംല ദമ്പതികളുടെ മകൻ. 21 വയസ്സാണ് പ്രായം. കാസർകോട് ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ റിട്ട. അധ്യാപകൻ പി. മണികണ്ഠന്‍റെയും പി വി സുധയുടെയും മകനാണ് അര്‍ജുന്‍.
Adjust Story Font
16