വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു
വാഹനത്തിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ജനക്കൂട്ടത്തിലേക്ക് റിക്കവറി വാൻ ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനം ഓടിച്ചയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടം ഉണ്ടായതിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഡ്രൈവർ ടോണിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഇന്നലെ രാത്രി പത്തുമണിയോടെ പേരേറ്റിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വർക്കലയിൽ നിന്ന് കവലയൂർ ഭാഗത്തേക്ക് വന്ന റിക്കവറി വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിണിയെയും അഖിലയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗതയിൽ എത്തിയ റിക്കവറി വാഹനം സമീപത്തുണ്ടായിരുന്ന സ്‌കൂട്ടറിലും കാറിലും ഇടിച്ചശേഷമാണ് ആളുകൾക്ക് നേരെ പാഞ്ഞു കയറിയത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നും വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്നും പരിസരവാസികൾ ആരോപിക്കുന്നു.
രക്ഷപ്പെട്ട ഡ്രൈവർ ടോണിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് കല്ലമ്പലം പൊലീസ്. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം. അപകടത്തിൽ പരിക്കേറ്റ പ്രദേശവാസികളായ രഞ്ജിത്ത്, ഉഷ എന്നിവർ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
Adjust Story Font
16